കൽപറ്റ: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ജില്ല രൂപവത്കരിച്ചിട്ട് 42 വർഷം പിന്നിടുമ്പോഴും നിരവധി കാര്യങ്ങൾ ഇപ്പോഴും നടപടിയാവാതെ തുടരുകയാണ്.
വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം, മികച്ച ചികിത്സ സൗകര്യങ്ങൾ, ചുരമിറങ്ങാൻ ബദൽ പാതകൾ, നിലവിലെ ചുരം വികസിപ്പിക്കൽ, റെയിൽപാത, എയർസ്ട്രിപ്പ്, കാർഷിക -തോട്ടം മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്നിവ നിരന്തര ആവശ്യങ്ങളാണെങ്കിലും പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും നടപടി ഒതുക്കുകയാണ് മാറിമാറി വരുന്ന സർക്കാർ.
കഴിഞ്ഞ ബജറ്റിൽ വയനാടിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. വയനാട് പാക്കേജിൽ 75 കോടി രൂപ അനുവദിച്ചത് മുൻ പാക്കേജിന്റെ തുടർ നടപടികൾക്ക് വേണ്ടിയായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ പ്രതിസന്ധി നേരിടുന്ന ജില്ലക്ക് അതുമായി ബന്ധപ്പെട്ട പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.
വന്യജീവി ആക്രമണം രൂക്ഷമാവുകയും കടുവ ആക്രമണത്തിൽ പുതുശ്ശേരിയിൽ കർഷകൻ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആവശ്യമായ പദ്ധതികൾ ബജറ്റിൽ ഉണ്ടോയെന്ന ചോദ്യം ഉയരുന്നു.
വേതന പരിഷ്കരണമുൾപ്പെടെ തോട്ടം തൊഴിലാളികൾ സമരപാതയിലായിരിക്കേ അവരുടെ പുരോഗതി ലക്ഷ്യം വെച്ചുള്ള പദ്ധതികളും തൊഴിലാളികൾ പ്രതീക്ഷിക്കുന്നുണ്ട്.
വയനാടിന്റെ ടൂറിസം മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ തുക വകയിരുത്തണമെന്ന ആവശ്യത്തോടെ കഴിഞ്ഞ തവണത്തെ ബജറ്റ് മുഖംതിരിച്ചിരുന്നു. ജില്ലയിൽ പച്ചപിടിക്കുന്ന വിനോദസഞ്ചാര മേഖലയെ ബജറ്റ് എങ്ങനെ പരിഗണിക്കുമെന്നതിനും ഇന്ന് ഉത്തരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.