കൽപറ്റ: സ്കോർലൈൻ കേരള പ്രീമിയർ ലീഗിലെ ആദ്യ സെമിയിലെ ആദ്യ പാദ മത്സരത്തിൽ കേരള യുനൈറ്റഡ് എഫ്.സിയോട് അപ്രതീക്ഷിതമായി ഏറ്റുവാങ്ങിയ പരാജയവുമായി വയനാട് യുനൈറ്റഡ് എഫ്.സി നിർണായകമായ രണ്ടാം പാദ സെമി ഫൈനലിന് ബുധനാഴ്ച ഇറങ്ങുന്നു. കൽപറ്റ മരവയൽ ജില്ല സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് ഏഴിനാണ് വയനാട് യുനൈറ്റഡ് എഫ്.സിയും കേരള യുനൈറ്റഡ് എഫ്.സിയും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനൽ മത്സരം നടക്കുക.
സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ സെമിയിൽ നാട്ടുകാരുടെ പൂർണ പിന്തുണയുണ്ടായിട്ടും മികച്ച മത്സരം പുറത്തെടുത്തെങ്കിലും വയനാട് യുനൈറ്റഡ് എഫ്.സിക്ക് വിജയിക്കാനായില്ല. കളിയിലുടനീളം ആക്രമണം നടത്തിയെങ്കിലും നിരവധി ഗോളവസരങ്ങളാണ് നിർഭാഗ്യം കൊണ്ട് അകന്നുനിന്നത്. ആദ്യ പകുതിയിൽ തന്നെ ഒരു ഗോളുമായി കേരള മുന്നേറിയതോടെ വയനാട് സമ്മർദത്തിലായി. വയനാട് പ്രത്യാക്രമണം കടുപ്പിക്കുന്നതിനിടെ രണ്ടാം പകുതിയിൽ വീണ്ടും പ്രഹരമേൽക്കുകയായിരുന്നു. കളിയുടെ അവസാന സെക്കൻഡുകളിൽ ഒരു ഗോൾ കൂടി വഴങ്ങിയതോടെ തോൽവിയുടെ ആഘാതമേറി.
ആദ്യപാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള യുനൈറ്റഡ് എഫ്.സി വിജയിച്ചത്. രണ്ടാം പാദ സെമിയിൽ ഗോളൊന്നും വഴങ്ങാതെ എതിരില്ലാതെ നാലു ഗോളുകൾക്കെങ്കിലും വിജയിച്ചാലാണ് വയനാട് യുനൈറ്റഡ് എഫ്.സിക്ക് ഫൈനൽ പ്രതീക്ഷയുള്ളത്. എതിരില്ലാതെ മൂന്നു ഗോളുകൾ വിജയിച്ചാൽ രണ്ടു സെമിയിലെയും ഗോൾ നിലയിൽ ഇരു ടീമുകളും തുല്യത പാലിക്കും. ഇതോടെ രണ്ടാം പാദ സെമി മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കടക്കാനുള്ള വഴിയുമൊരുങ്ങും.
ഇതിനാൽ ബുധനാഴ്ചത്തെ മത്സരം വയനാട് യുനൈറ്റഡ് എഫ്.സിക്ക് ജീവൻ മരണ പോരാട്ടമാണ്. വലിയ ഗോൾ മാർജിനിൽ വിജയിക്കാനായില്ലെങ്കിൽ കൂടി ഹോം ഗ്രൗണ്ടിൽ വയനാട് യുനൈറ്റഡ് എഫ്.സിയുടെ വിജയം ഇവിടത്തെ കാൽപന്തു പ്രേമികൾ ആഗ്രഹിക്കുന്നുണ്ട്. ആദ്യ കളിയിലുണ്ടായ പ്രതിരോധത്തിലെ പാളിച്ച ഉൾപ്പെടെ പരിഹരിച്ച് മികച്ച കളി വയനാട് പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ രണ്ടാം പാദ സെമി മത്സരത്തിനിറങ്ങുന്ന ഇറങ്ങുന്ന വയനാടിന് മൂന്നു ഗോളിന്റെ ലീഡ് നേടിയതിന്റെ ആത്മവിശ്വാസവുമായെത്തുന്ന കേരള യുനൈറ്റഡ് എഫ്.സിയാണ് എതിരാളികൾ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടാൽ പോലും രണ്ടു സെമികളിൽനിന്നായി ഒരു ഗോളിന്റെ മാർജിനിൽ കേരളക്ക് ഫൈനൽ ഉറപ്പിക്കാം. അതിനാൽ തന്നെ ആദ്യ പാദ സെമിയിലെ പ്രകടനം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെയായിരിക്കും കേരള ബുധനാഴ്ചത്തെ രണ്ടാം പാദ സെമിക്കിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.