കല്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതിയില്‍ മഞ്ഞുരുകുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ മാസങ്ങളായി ജില്ലയിൽ നിലനിന്ന പോര് രമ്യതയിലെത്തിയതിനെ തുടർന്ന് സമാന്തര കമ്മിറ്റിയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കങ്ങളടക്കം അവസനാപ്പിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏരിയ സമ്മേളനങ്ങളിൽ ജില്ലയിലെ വിഷയങ്ങൾ രൂക്ഷമായ ചർച്ചകൾക്കിടയായെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ ഒന്നിച്ചുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകാനും സംഘടനയെ ജില്ലയിൽ സജീവമാക്കാനുമാണ് തീരുമാനം.
ജില്ല സെക്രട്ടറിയോടുള്ള അഭിപ്രായ ഭിന്നത കാരണം സംഘടനയിൽ നിന്നു പുറത്തുപോവുകയോ നിർജീവമാവുകയോ ചെയ്തവരെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജില്ല സെക്രട്ടറി ആറുമാസത്തേക്ക് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം, രണ്ടു പതിറ്റാണ്ടോളമായി തുടരുന്ന ജില്ല സെക്രട്ടറിയെ മാറ്റി പുതിയ ആളെ കൊണ്ടുവരുന്നതടക്കമുള്ള ചർച്ചകളും ഇപ്പോൾ നടക്കുന്നതായാണ് അറിയുന്നത്. മാനന്തവാടി ഏരിയ സെക്രട്ടറിയും ജില്ല ജോയന്റ് സെക്രട്ടറിയുമായ എം.ആര്. സുരേഷിനാണ് ഇപ്പോൾ ജില്ല സെക്രട്ടറിയുടെ ചുമതല.
ജില്ല സെക്രട്ടറി വി.കെ. തുളസീദാസിനെതിരെ സാമ്പത്തിക അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങളുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരുന്നത്. എന്നാൽ, സാമ്പത്തിക ആരോപണത്തിൽ കഴമ്പില്ലെന്നും പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലെന്നുമാണ് സംസ്ഥാന നേതാക്കൾ ഏരിയ സമ്മേളനങ്ങളിൽ വിശദീകരിച്ചത്. അതേസമയം കാലങ്ങളായി ഒരാൾ തന്നെ സംഘടനയുടെ സെക്രട്ടറിയാകുന്നത് ശരിയായ കീഴ് വഴക്കമല്ലെന്ന് ഔദ്യോഗിക പക്ഷത്തുള്ള ചിലർ തന്നെ വിലയിരുത്തുന്നുമുണ്ട്.
തുളസീദാസിനെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചതോടെയാണ് ജില്ലയിൽ സംഘടനക്കുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായത്. സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമാന്തര ജില്ല കമ്മിറ്റി രൂപവത്കരിക്കാനും നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികൾ ജില്ലയിലെത്തുകയും പരിഹാര ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തത്.
വയനാട് മര്‍ക്കന്റൈല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന് വേണ്ടി 2019ല്‍ സമിതി ജില്ല നേതൃത്വം കച്ചവടക്കാരില്‍നിന്നു പിരിച്ച തുകയിൽ ജില്ല സെക്രട്ടറി ക്രമക്കേട് നടത്തിയെന്നതുൾെപ്പടെയായിരുന്നു ആരോപണങ്ങൾ. 2018ല്‍ പനമരത്ത് ചിട്ടി നടത്തിയ വകയില്‍ കച്ചവടക്കാര്‍ക്ക് ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.