കല്പറ്റ: കല്പറ്റ അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ തിരിമറി. 2018-2019ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വ്യാപക തിരിമറിയും ക്രമക്കേടും കണ്ടെത്തിയിരിക്കുന്നത്. 93,44,000 രൂപയുടെ കുറവുള്ളതായാണ് കണ്ടെത്തൽ. എന്നാൽ, ഈ റിപ്പോർട്ട് പുറത്തുവിടാതെ ബന്ധപ്പെട്ടവർ മൂടിവെച്ചതായാണ് ആക്ഷേപം.
ഏകദേശം ഒരു കോടി രൂപയുടെ കുറവുണ്ടായിട്ടും അന്വേഷണം നടത്താതെ ഒതുക്കുകയാണ് ചെയ്തത്. മതിയായ സമയം അനുവദിച്ചിട്ടും വ്യക്തമായി മറുപടി നല്കാന് സംഘത്തിന് സാധിച്ചിട്ടില്ല. ക്രമക്കേടുകള്‍ കണ്ടെത്തിയ ഓഡിറ്ററെ പിന്നീട് മാറ്റി.
സാധാരണ നിലയിൽ വലിയ തുകയുടെ ക്രമക്കേട് നടന്നാൽ, ഉദ്യോഗസ്ഥരെ മാറ്റിനിർത്തി വകുപ്പുതല അന്വേഷണം നടത്തുന്നതാണ് പതിവ്. പിന്നാലെ കുറ്റക്കാരെ കണ്ടെത്തി അവരില്‍നിന്നു തുക ഈടാക്കി, നിയമനടപടിയിലേക്ക് കടക്കും. ഇത്തരത്തിൽ നടപടികളൊന്നും ഉണ്ടായില്ല. അതേസമയം, ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരിയുടെ മേല്‍ കുറ്റംചുമത്തി സ്വയം വിരമിക്കാനാവശ്യപ്പെട്ട് മറ്റുള്ളവരെ രക്ഷിക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്. ഇതിെൻറ തുടര്‍ച്ചയെന്നോണം ജീവനക്കാരിയുടെ മാതാവിെൻറ പേരിലുള്ള സ്ഥലം മൂന്ന് ജീവനക്കാരുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് വാങ്ങി. പിന്നീട് ക്രമക്കേടില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ജീവനക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റ് വെച്ച് 50 ലക്ഷം രൂപയോളം കല്പറ്റയിലെ മറ്റൊരു സൊസൈറ്റിയില്‍നിന്നു വായ്പയെടുത്തു. ഈ തുക കുറ്റക്കാരിയാണെന്ന് സംഘം കണ്ടെത്തിയതായി പറയുന്ന ജീവനക്കാരിയുടെ അക്കൗണ്ടിലിട്ട് സംഘത്തിലേക്ക് അടപ്പിച്ചതായും പറയുന്നു.
സഹകരണ ജോയൻറ് രജിസ്ട്രാറുടെ മുന്നില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളെത്തിയിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ചാണ് ലക്ഷങ്ങളുടെ ക്രമക്കേട് മൂടിവെച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഘത്തിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയന്നു.
സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള തസ്തികകളില്‍ നിയമനം നടത്തിയിട്ടും, ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തിയത് വഴി 12,24,159 രൂപയുടെ അധിക ചെലവ് സംഘത്തിനുണ്ടായി. മതിയായ സെക്യൂരിറ്റിയില്ലാതെ വായ്പ നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.