കൽപറ്റ: വയനാട്ടിലെ വനഗ്രാമത്തിലെ പുനരധിവാസ മേഖലയിലുള്ള ചെട്ട്യാലത്തൂർ എൽ.പി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഇന്ന് പ്രവേശനോത്സവം നടത്തുമ്പോൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടാൻ ഒരാൾ മാത്രം. ചുറ്റും വനവും അതിന് നടുവിലുള്ള ഗ്രാമമായ നൂൽപ്പുഴ 12ാം വാർഡിലാണ് ചെട്ട്യാലത്തൂർ എൽ.പി സ്കൂളുള്ളത്.
സർക്കാറിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്ന പ്രദേശത്തായതുകൊണ്ട് ഒരു തരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കാൻ പറ്റില്ല. നിലവിൽ ഗോത്രവിഭാഗക്കാരായ നായ്ക്കന്മാരും പണിയരും മാത്രമാണ് സ്കൂളിൽ പഠിക്കുന്നത്.
സ്കൂളുകളുടെ മേൽക്കൂരകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് നീക്കണമെന്ന ഹൈകോടതി ഉത്തരവ് ഉള്ളതിനാൽ സ്കൂളിന് ഇതുവരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം മറ്റു നിർമാണ പ്രവൃത്തികളൊന്നും നടത്താതെ ആസ്ബസ്റ്റോസ് ഷീറ്റ് മാത്രം നീക്കി ഗുണമേന്മയുള്ള മറ്റു ഷീറ്റുകൾ മേയാൻ അനുമതിയുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപയോളം ഇതിനായി നീക്കിവെച്ചിട്ടുണ്ട്.
ഇത് കിട്ടാൻ ഇനിയും മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. ഗോത്രവർഗക്കാരായ 15 കുട്ടികളാണ് സ്കൂളിൽ ഉള്ളത്. നാലാം ക്ലാസിലേക്ക് നാലു പേർ, മൂന്നിൽ - ഏഴ്, രണ്ടിൽ- മൂന്ന്, ഒന്നാം ക്ലാസിലേക്ക് ഇന്ന് പ്രവേശനം നേടുന്ന ഒരാളും. ഗ്രാമത്തിൽ തന്നെയുള്ളവരാണ് ഇവിടെ പഠിതാക്കൾ.
നിലവിൽ ഒന്നാം ക്ലാസിലേക്ക് ഇവിടെ നിന്നും ഒരു കുട്ടി മാത്രമാണ് ഉള്ളത്. പ്രധാന അധ്യാപകനും മറ്റൊരു അധ്യാപകനും പ്യൂണുമാണ് ഉള്ളത്. രണ്ടു പേരാണ് മൊത്തം ക്ലാസുകളും കൈകാര്യം ചെയ്യുന്നത്.
വന്യജീവികളുടെ സാന്നിധ്യവും സർക്കാർ അവഗണനയും വനഗ്രാമത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. 67 ഓളം കുടുംബങ്ങൾ മാത്രമാണ് നിലവിൽ ചെട്ട്യാലത്തൂരിലുള്ളത്. ഇതിൽ ഏഴ് കുടുംബം ജനറൽ വിഭാഗത്തിലാണ്. ബാക്കി 60 കുടുംബം ഗോത്രവിഭാഗമാണ്.
വനഗ്രാമങ്ങളിൽ ജീവിതം തുടരാൻ പ്രയാസമുള്ളവർക്ക് ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് ഒഴിയാൻ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. ചിലർ ഇവിടം ഒഴിഞ്ഞു പോകാൻ തയാറാകുമ്പോഴും വന ജീവിതം മുറുകെ പിടിക്കുകയാണ് ഇവിടുത്തെ ഗോത്ര ജനത. റോഡും വൈദ്യുതിയും അടച്ചുറപ്പുള്ള വീടും നൽകിയാൽ ഇവിടം സ്വർഗമാണെന്നാണ് അവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.