കല്പറ്റ: കൽപറ്റ നഗരസഭയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മാണം ആരംഭിച്ചവര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി. കല്പറ്റ നഗരസഭയിലെ ഗുണഭോക്താക്കളില്‍ വീട് പണി തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ആദ്യ ഗഡുവായ 40,000 രൂപ പോലും ലഭിക്കാത്തവര്‍ ഉണ്ടെന്ന് പദ്ധതി ഗുണഭോക്താക്കളായ എന്‍.കെ മുഹമ്മദ് മുണ്ടേരി, ബഷീര്‍ പാറക്കല്‍, എ.ആര്. മണികണ്ഠന്, പി. നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു ലക്ഷം രൂപയാണ് ലഭിക്കുക.
ആദ്യഗഡു 40,000 രൂപയും രണ്ടും മൂന്നും ഗഡുക്കളായി 1,60,000 രൂപ വീതവും മുഴുവന്‍ പണിയും പൂര്‍ത്തിയാകുമ്പോള്‍ അവസാന ഗഡു 40,000 രൂപയും നല്‍കുമെന്നായിരുന്നു നഗരസഭ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 260ലധികം ഗുണഭോക്താക്കളില്‍ ചിലര്‍ക്ക് മാത്രമാണ് രണ്ടാം ഗഡു ലഭിച്ചത്. പദ്ധതി വിഹിതം ലഭിക്കാതായതോടെ കടം വാങ്ങിയും മറ്റും വീട് നിര്‍മാണം നടത്തിയ ഗുണഭോക്താക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഇവർ പറഞ്ഞു.
ഉണ്ടായിരുന്ന വീട് പൊളിച്ച പല ഗുണഭോക്താക്കളും താല്കാലിക ഷെഡുകളിലാണ് താമസിക്കുന്നത്. മഴക്കാലമെത്തിയതോടെ താമസം ദുരിതത്തിലായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതരോട് ചോദിക്കുമ്പോള്‍ അവധി പറഞ്ഞൊഴിയുകയാണെന്നും പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.