കൽപറ്റ: ലോക്ഡൗൺ ഇളവുകളുെട പശ്ചാത്തലത്തിൽ ബുധനാഴ്ച ജില്ലയിൽനിന്ന് ആരംഭിച്ചത് നാല് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ. ഇതിൽ തിരുവനന്തപുരം സർവിസ് മുഴുവൻ യാത്രക്കാരുമായാണ് യാത്ര ആരംഭിച്ചത്.
സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് രണ്ടും കൽപറ്റ, മാനന്തവാടി ഡിപ്പോകളിൽനിന്ന് ഒന്നുവീതവും സർവിസുകൾ തുടങ്ങിയത് അന്തർജില്ല യാത്രക്കാർക്ക് ആശ്വാസമായി. കൽപറ്റയിൽനിന്ന് തൃശൂരിലേക്കും മാനന്തവാടിയിൽനിന്ന് കോട്ടയത്തേക്കും സുൽത്താൻ ബത്തേരിയിൽനിന്ന് എറണാകുളത്തേക്കും സൂപ്പർ ഫാസ്റ്റ് ബസുകളാണ് ഓട്ടം തുടങ്ങിയത്.
സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്-തൃശൂർ-എറണാകുളം വഴി തിരുവനന്തപുരത്തേക്ക് ഡീലക്സ് ബസ് സർവിസും ബുധനാഴ്ച തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള ഡീലക്സ് ബസ് ബുധനാഴ്ച സർവിസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ ഓൺലൈനിൽ മുഴുവൻ സീറ്റുകളും ബുക് ചെയ്യപ്പെട്ടിരുന്നു. കൽപറ്റ-തൃശൂർ ബസിൽ 15 ആളുകളാണ് യാത്രചെയ്തത്.
1000 രൂപയാണ് കലക്ഷൻ ലഭിച്ചത്. മാനന്തവാടി-കോട്ടയം ബസിൽ 62 പേർ യാത്രചെയ്യുകയും 8500ഓളം രൂപ കലക്ഷൻ ലഭിക്കുകയും ചെയ്തു.നിലവിൽ ആരംഭിച്ച സർവിസുകളോടുള്ള യാത്രക്കാരുടെ പ്രതികരണവും സർക്കാറിെൻറ കോവിഡ് പ്രതിരോധ നിർദേശങ്ങളും അനുസരിച്ചാണ് കൂടുതൽ സർവിസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. തിരിച്ചറിയൽരേഖയും സത്യവാങ്മൂലവും യാത്രക്കാർ ഒപ്പം കരുതണം. 'എെൻറ കെ.എസ്.ആർ.ടി.സി' മൊബൈൽ ആപ്, www.keralartc.com എന്നിവയിലൂടെ ടിക്കറ്റ് റിസർവ് ചെയ്യാം.
കർശന ലോക്ഡൗൺ നിയന്ത്രണങ്ങളുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവിസുകൾ ഉണ്ടാവില്ല. 13ന് ഉച്ചക്കുശേഷം സർവിസ് പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.