കൽപറ്റ: നൃത്തത്തെ മനസ്സിലുപാസിച്ച് ജീവിതത്തിൽ പിഴക്കാത്ത ചുവടുകളോടെ പഠനവഴിയിലും മികവുകാട്ടി വൈഷ്ണവി മോഹൻ. ചെറുപ്പംമുതൽ ഉള്ളിൽനിറഞ്ഞ നൃത്തമോഹങ്ങൾക്ക് റാങ്കിെൻറ തിളക്കംപകർന്നാണ് ഈ വയനാട്ടുകാരി ശ്രദ്ധേയനേട്ടം സ്വന്തമാക്കിയത്. മരുന്നുകളുടെ ലോകത്തുനിന്നും കലയുടെ വർണാഭമായ അരങ്ങിലേക്ക് ചുവടുമാറ്റിയ വൈഷ്ണവി എം.എ മോഹിനിയാട്ടത്തിൽ രണ്ടാം റാങ്കുമായാണ് മിന്നുന്ന നേട്ടം കൈവരിച്ചത്. മീനങ്ങാടി അമ്പലപ്പടി സ്വദേശിയാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്നാണ് മോഹങ്ങൾക്കൊപ്പം എം.ജി. യൂനിവേഴ്സിറ്റിയുടെ എം.എ മോഹിനിയാട്ടത്തിൽ റാങ്കിെൻറ പകിട്ടുമായി വിജയം നേടിയത്.
എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെ അമ്പലപ്പടിയിലെ വിവേകാനന്ദ വിദ്യാമന്ദിരത്തിലായിരുന്നു പഠനം. ഏഴു മുതൽ 10 വരെ മീനങ്ങാടി ഗവ. ഹൈസ്കൂളിൽ. ഹയർ സെക്കൻഡറി പഠനം പനങ്കണ്ടി ജി.എച്ച്.എസ്.എസിൽ. മെഡിക്കൽ ഫീൽഡിൽ താൽപര്യമുണ്ടായിരുന്നതിനാൽ സയൻസ് ഗ്രൂപ് എടുത്താണ് പഠിച്ചത്.
പിന്നീട് സുൽത്താൻ ബത്തേരി ഏഞ്ചൽ മേരി കോളജിൽനിന്ന് ഡി.ഫാം ഫസ്റ്റ് ക്ലാസോടെ പാസായി. ശേഷം മലപ്പുറത്ത് ഒരു ആശുപത്രി ഫാർമസിയിൽ ജോലി നോക്കുന്നതിനിടയിലാണ് നൃത്തരംഗത്ത് തുടരണമെന്ന മോഹം കലശലായത്. അതോടെ ജോലി ഉപേക്ഷിച്ച് ആർ.എൽ.വി കോളജിൽ ബി.എ മോഹിനിയാട്ടം പഠിക്കാൻ ചേർന്നു. നാലാം റാങ്കോടെ ബിരുദം പാസായപ്പോൾ തുടർന്ന് എം.എക്ക്. ഒടുവിൽ റാങ്കിെൻറ മധുരവും.
വളരെ പരിമിതമായ സാഹചര്യങ്ങളിൽനിന്നാണ് വൈഷ്ണവി റാങ്കിലേക്ക് പൊരുതിക്കയറിയത്. ടാപ്പിങ് തൊഴിലാളിയായ പിതാവ് എൻ. മോഹനനും കോഓപറേറ്റിവ് സൊസൈറ്റിയിൽ ജീവനക്കാരിയായ മാതാവ് സുവർണരേഖയും വൈഷ്ണവിയുടെ സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണയുമായി കൂടെനിന്നു. കുഞ്ഞുന്നാൾ മുതൽ കുറേക്കാലം വാടകവീട്ടിലായിരുന്നു താമസം. നാലാം വയസ്സുമുതൽ നൃത്തം ചെയ്യാൻ താൽപര്യം കാട്ടിയ ഈ മിടുക്കി എട്ടാം വയസ്സു മുതൽ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാൻ തുടങ്ങിയിരുന്നു. രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കലോത്സവങ്ങളിൽ സാന്നിധ്യമറിയിച്ചു. ഹൈസ്കൂൾ സമയത്ത് പക്ഷേ, കലോത്സവവേദികളിൽ മത്സരിച്ചിരുന്നില്ല. സ്കൂൾ തല സെലക്ഷനുകളൊക്കെ ഏകപക്ഷീയമായി മാറിയതോടെ ഉണ്ടായ മടുപ്പിൽനിന്നായിരുന്നു ആ പിന്മാറ്റമെന്ന് വൈഷ്ണവി പറഞ്ഞു.
നല്ലൊരു ഗായികയുമാണ് വൈഷ്ണവി. എട്ടാം വയസ്സുമുതൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഡി.ഫാമിന് പഠിക്കുന്ന സമയത്ത് ഡൽഹിയിൽ ഒരു ആഗോള സാംസ്കാരിക സംഗമത്തിൽ നൃത്തസംഘത്തിെൻറ ഭാഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 ദിവസത്തെ പ്രോഗ്രാമിനിടയിൽ മേതിൽ ദേവിക, വിനീത് എന്നിവരടക്കമുള്ളവരുടെ ശിക്ഷണം ലഭിക്കാൻ കഴിഞ്ഞു.
ഇനി മോഹിനിയാട്ടത്തിൽ പിഎച്ച്.ഡി ചെയ്യണമെന്നാണ് വൈഷ്ണവിയുടെ വലിയ ആഗ്രഹം. കാംബോജി നാട്യകലാ സരസ്വതിക്ഷേത്ര എന്ന പേരിൽ നൃത്തവിദ്യാലയം തുടങ്ങി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓൺലൈനിലാണ് ക്ലാസുകൾ. വയനാട്ടിൽ കലയിൽ അതി തൽപരരായിട്ടും പരിശീലിക്കാനാവാതെ പോകുന്നവരടക്കമുള്ള ഒട്ടേറെ കുട്ടികളെ പഠിപ്പിക്കമെന്നാണ് ആഗ്രഹമെന്നും വൈഷ്ണവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.