കൽപറ്റ: സ്വിച്ചിട്ടപ്പോൾ ആ ബൾബിനൊപ്പം നിറഞ്ഞുകത്തിയത് മഠംകുന്ന് കോളനിയുടെ മനസ്സു കൂടിയായിരുന്നു. വീടും വെള്ളവും വൈദ്യുതിയും റോഡും ശൗചാലയവുമൊന്നുമില്ലാതെ ദുരിതങ്ങളുടെ കുന്നിൻ മുകളിൽ മൂന്നു പതിറ്റാണ്ടിലേറെയായി ജീവിതം തള്ളിനീക്കുന്ന ആദിവാസി കുടുംബങ്ങൾ വലിയ അദ്ഭുതം കാണുന്നതുപോലെയാണ് പുതുവെളിച്ചത്തെ വരവേറ്റത്. മുട്ടില്‍ പഞ്ചായത്ത് പാക്കം പത്താം വാർഡിലെ ഏഴാംചിറ മഠംകുന്ന് കോളനിവാസികളുടെ ജീവിതത്തിൽ മാറ്റത്തിന്റെ വലിയ തുടക്കമായി വൈദ്യുതിയെത്തി.
കണ്ണന്റെ വീട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് വൈദ്യുതിവെട്ടം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഒരിക്കലുമെത്തില്ലെന്ന് കരുതിയ വൈദ്യുതിവിളക്കുകൾ കൺതുറന്നപ്പോൾ ഉത്സവ പ്രതീതിയിലായിരുന്നു കോളനി. കോളനിവാസികളുടെ ദുരിതം 'മാധ്യമം' റിപ്പോർട്ട് ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടിയാണ് അടിസ്ഥാനാവശ്യങ്ങളില്ലാതെ നരകയാതന അനുഭവിക്കുന്ന ആദിവാസി കോളനിയില്‍ വൈദ്യുതിയെത്തിച്ചത്.
ഏത് സമയവും പൊളിഞ്ഞുവീഴാറായ പ്ലാസ്റ്റിക് ഷെഡുകളില്‍ പണിയ വിഭാഗക്കാരായ 33 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 22 സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ കോളനിയിലുണ്ട്. വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിനുള്‍പ്പെടെ മാര്‍ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയങ്ങളോ കുടിവെള്ള സംവിധാനമോ ഇല്ല. തൊട്ടടുത്ത കാരാപ്പുഴ ഡാമിലെ വെള്ളമാണ് കുടിവെള്ളത്തിന് ഉപയോഗിക്കുന്നത്. കുടില്‍കെട്ടി താമസിക്കുന്ന ഇവരുടെ ഭൂമിയുടെ കൈവശ രേഖ ഇതുവരെ നല്‍കിയിട്ടില്ല.
2021 ഡിസംബറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച്. ഫൈസലിന്റെയും കൊടിയത്തൂര്‍ ടീം വെല്‍ഫെയറിന്റെയും നേതൃത്വത്തില്‍ ആദിവാസി കുടിലുകളില്‍ സൗജന്യമായി വയറിങ് പണികള്‍ പൂര്‍ത്തീകരിച്ച് കണക്ഷന് ലഭിക്കാൻ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഓരോ തടസ്സവാദങ്ങള്‍ പറഞ്ഞ് കണക്ഷന് ലഭിക്കാന്‍ കാലതാമസമുണ്ടായെങ്കിലും ഒടുവില്‍ എല്ലാ കടമ്പകളും പൂര്‍ത്തീകരിച്ച് മൂന്ന് പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ച് കണക്ഷന് ലഭ്യമാക്കുകയായിരുന്നു.
ടീം വെൽഫെയർ വൈസ് ക്യാപ്റ്റന്‍ യൂസുഫ്, പി.കെ. അശ്റഫ് എന്നിവർ വയറിങ്ങിന് നേതൃത്വം നൽകി. ഉദ്ഘാടനച്ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇബ്രാഹിം അമ്പലവയല്‍, മണ്ഡലം വൈസ് പ്രസിഡൻറ് മണി നാരായണൻ, സാലിം ജീറോഡ് എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ, സാദിഖ് അലി, അച്യുതൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.