കൽപറ്റ: വയനാട്ടിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സർക്കാർ മെഡിക്കൽ കോളജ് എല്ലാവർക്കും എത്തിപ്പെടാൻ സൗകര്യമുള്ള, ജില്ലയുടെ മധ്യഭാഗത്താകുന്നതാണ് ഉചിതമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
രാഷ്ര്ടീയപരമായ ഇടപെടലുകളും ഭരിക്കുന്ന ആളുകളുടെ താൽപര്യവുമൊക്കെ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിൽ നിർണായകമായിരിക്കാമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പറഞ്ഞു. സ്ഥലലഭ്യതയടക്കമുള്ള കാരണങ്ങളും സ്വാധീനം ചെലുത്തിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഐ.എം.എ ശക്തിയായി പ്രതികരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ചികിത്സക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണം നടത്തുന്ന പ്രവണത വർധിക്കുകയാണ്. പലപ്പോഴും സാമൂഹികവിരുദ്ധരും അക്രമ വാസനയുള്ള രാഷ്ര്ടീയക്കാരും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെയാണ് പ്രതികൾ. രണ്ടു വർഷത്തിനിടെ, വനിതകൾ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ കേരളത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ നിരന്തരം പരാജയപ്പെടുകയാണ്.
മിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതിലും പൊലീസ് പരാജയപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഐ.എം.എ ശക്തമായ നിലപാട് സ്വീകരിക്കും. ആശുപത്രികളുടെയും ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്താനുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം സ്വാഗതംചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ ഇടത്തരം ആശുപത്രികളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളിൽ മാറ്റംവരുത്തണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
വിവിധ ചികിത്സാരീതികളെ ഒന്നിച്ചുചേർത്ത് സങ്കര ചികിത്സാസമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്. എം.ബി.ബി.എസ് ഇല്ലാത്തവർക്ക് ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യംചെയ്യാൻ ബ്രിഡ്ജ് കോഴ്സുകൾ വഴി അനുവാദം നൽകുന്നത് ഒഴിവാക്കണം. ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് കൈക്കൊള്ളുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി ചരകപ്രതിജ്ഞ കൊണ്ടുവരുന്നതിന് നാഷനൽ മെഡിക്കൽ കമീഷൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനാവെൻ, ജില്ല ചെയർമാൻ ഡോ. അബ്ദുൽ ഗഫൂർ കക്കോടൻ, കൽപറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.