കൽപറ്റ: അഴിയാക്കുരുക്കായി കിടന്ന മേപ്പാടി-ചൂരല്‍മല റോഡിന്റെ ടെൻഡര്‍ നടപടികള്‍ ആരംഭിച്ചതായി അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.റോഡിന്റെ ടെൻഡർ നടപടികള്‍ക്ക് പി.ഡബ്ല്യു.ഡിയും കേരള റോഡ് ഫണ്ട് ബോര്‍ഡും നേതൃത്വം നല്കി വരുകയാണ്. നവംബര്‍ നാലിന് പുറത്തിറക്കിയ നോട്ടീസ് പ്രകാരം ടെൻഡർ സമര്‍പ്പിക്കാനുള്ള അവസാനതീയതി നവംബർ 21 ആണ്. 23ന് ടെൻഡർ തുറക്കും. ഒട്ടെറെ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ച ഈ റോഡിന്റെ ടെൻഡർ നടപടികളിലേക്ക് എത്തിക്കുന്നതില്‍ കിഫ്ബി, കെ.ആര്.എഫ്.ബി, സംസ്ഥാന സര്‍ക്കാര്‍, വിവിധ സംഘടനകള്‍ തുടങ്ങി എല്ലാവരുടെ പിന്തുണ ലഭിച്ചതായും എം.എല്‍.എ പറഞ്ഞു.
സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന കിഫ്ബിയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് റോഡ് പ്രവൃത്തി പുനരാരംഭിക്കാനും ആവശ്യമായ ഫണ്ട് അനുവദിക്കാനുമുള്ള തീരുമാനമുണ്ടാകുന്നത്. ഒമ്പത് മീറ്റര്‍ വീതിയുള്ള ഭാഗത്ത് കാരിയേജ് വേ ഏഴ് മീറ്റര്‍ നിലനിര്‍ത്തിയാവും റോഡിന്റെ നിർമാണം നടത്തുക. ഈ ഭാഗത്ത് മഴവെള്ളം ഒലിച്ചുപോകുന്നതിനായി ഓവുചാലുകൾ നിർമിക്കും.
റോഡിനായി തോട്ടം ഭൂമി വിട്ടുകിട്ടാത്ത ഭാഗത്ത് മഴവെള്ളം ഒലിച്ചുപോകുന്നതിനായി കോണ്‍ക്രീറ്റ് പാത്തി സംവിധാനമായിരിക്കും നിർമിക്കുക. ബി.എം ആൻഡ് ബി.സി നിലവാരത്തിലായിരിക്കും റോഡിന്റെ നിർമാണം പൂര്‍ത്തിയാക്കുക. റോഡിന്റെ ശോച്യാവസ്ഥ മൂലം പ്രദേശവാസികള്‍ ഒട്ടേറെ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
റോഡുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളും നിലനിന്നിരുന്നു. നേരത്തെ കരാറുകാരന് മരിക്കുകയും പ്രളയത്തില്‍ റോഡിനായി ഇറക്കിയ സാധനസാമഗ്രികള്‍ ഒലിച്ചുപോകുകയും ചെയ്തു. തോട്ടംഭൂമി വിട്ടുകിട്ടാത്ത വിഷയങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം അഭിമുഖീകരിച്ചാണ് ഇപ്പോള്‍ റോഡ് ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
15 മാസമാണ് റോഡ് നിർമാണം പൂര്‍ത്തിയാക്കുന്നതിനായി അനുവദിച്ചിരിക്കുന്ന കാലാവധി. 26.58 കോടി രൂപയാണ് റോഡിനായി വകയിരുത്തിയത്.റോഡ് പ്രാവര്‍ത്തികമാകുന്നതോടെ പ്രദേശവാസികള്‍ക്കൊപ്പം ജില്ലയിലെ ടൂറിസം മേഖലക്കും പുത്തനുണര്‍വാകുമെന്ന് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.