കൽപറ്റ: ടൗണിലെ മൊബൈൽ കടയിൽ മോഷണം നടത്തിയ സംഭവത്തിൽ നേപ്പാൾ സ്വദേശികളടക്കം മൂന്നു തൊഴിലാളികളെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശി മഞ്ജീത്ത് (20), നേപ്പാൾ സ്വദേശികളായ സൂരജ് (19), ബീരേന്ദ്ര നേപ്പാളി (24) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. മോഷണം നടത്തി മുങ്ങിയ പ്രതികളെ മഹാരാഷ്ട്ര പനവേൽ റെയിൽവേ സ്റ്റേഷനിൽനിന്ന് എസ്.ഐ വി.കെ. ഷൈജിത്തിെൻറ നേതൃത്വത്തിലാണ് പിടികൂടിയത്. വുഡ്ലാൻറ് ഹോട്ടലിന് സമീപം ക്ലാസിക് മൊബൈൽസ് എന്ന സ്ഥാപനത്തിൽ ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മോഷണം നടന്നത്.
വിൽപനക്കായി സൂക്ഷിച്ച വിലകൂടിയ ഫോണുകളാണ് കവർന്നത്. ഐഫോണുകളുൾപ്പെടെ 28 ഫോണുകൾ കവർന്നതിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിരുന്നു. കടയുടെ പിൻഭാഗത്ത് എയർ കണ്ടീഷൻ ഘടിപ്പിച്ച ഭാഗത്തെ ചുമര് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മൂന്നുപേർ കടയുടെ ഉള്ളിൽനിന്ന് ഫോണുകൾ കവരുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അടുത്തിടെയായി കൽപറ്റ കേന്ദ്രീകരിച്ച് മോഷണക്കേസ് കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാമത്തെ മോഷണമാണിത്. നേരത്തെ ജ്വല്ലറി കുത്തിത്തുറന്ന് വെള്ളി ആഭരണങ്ങളും വെറ്ററിനറി ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും മോഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.