കൽപറ്റ: വർഷങ്ങളായി കേരളത്തിലെ പട്ടികവർഗ വിഭാഗക്കാർക്കിടയിൽ സ്തുത്യർഹ സേവനം നടത്തുന്ന കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ പിരിച്ചുവിട്ട് പുതുതായി നിയമനം നടത്താനൊരുങ്ങി സര്‍ക്കാര്‍. വയനാട് ജില്ലയിലടക്കം ഉന്നത ബിരുദധാരികളായ ആദിവാസി വിഭാഗക്കാരാണ് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരിൽ കൂടുതലും.
സംസ്ഥാനത്ത് ആകെയുള്ള 40 കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരിൽ 34 പേരും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരാണ്. എട്ടു വർഷത്തോളമായി ജോലി ചെയ്യുന്ന ഇവരെ പിരിച്ചുവിട്ട് സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കേരളത്തിലെ ആദിവാസികളുടെ വികസനം ലക്ഷ്യമിട്ടാണ് 2014ൽ കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിച്ചത്.
എം.എസ്.ഡബ്ല്യൂ, എം.എ സൈക്കോളജി, എം.എ ആന്ത്രപോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ 26 പേരെയാണ് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരായി 2014ല്‍ വയനാട്ടില്‍ നിയമിച്ചത്. ഇവരിലേറെയും അതീവ പിന്നാക്കമായ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു.
വയനാട്ടില്‍ ആരംഭിച്ച പദ്ധതി വിജയകരമാണെന്ന വിലയിരുത്തലിൽ 2017ല്‍ എല്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലും ഒരു സോഷ്യല്‍ വര്‍ക്കറെ വീതം നിയമിച്ചിരുന്നു. 2014ൽ നിശ്ചയിച്ച 20,000 രൂപ ഓണറേറിയമല്ലാതെ ഇതുവരെയായി ഒരു രൂപപോലും ഇവർക്ക് വർധിപ്പിച്ചുനൽകിയിട്ടില്ല.
2014ല്‍ താല്ക്കാലികാടിസ്ഥാനത്തില് ജോലിയില്‍ കയറിയവരെ പിരിച്ചുവിട്ട് പുതിയ നിയമനത്തിനായാണ് നീക്കം. ഇതിനായുള്ള പരീക്ഷ ജനുവരി 22ന് നടത്തി. നിലവിലുള്ളവരുടെ സേവനകാലാവധി മാര്‍ച്ച് 31ന് അവസാനിക്കും.
ഇതിനുപിന്നാലെ, പുതിയ ലിസ്റ്റിൽനിന്ന് ആളുകളെ എടുക്കും. അതിനിടെ, തുച്ഛമായ വേതനം പറ്റി വര്‍ഷങ്ങളായി ജോലിചെയ്ത തങ്ങളെ കോവിഡ് കാലത്ത് പിരിച്ചുവിടുന്നത് ക്രൂരതയാണെന്ന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 2014 മുതല്‍ വര്‍ഷാവര്‍ഷം സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനകാലാവധി പുതുക്കി നല്കി വരുകയായിരുന്നു പട്ടികവര്‍ഗ വികസന വകുപ്പ്. ആദിവാസി മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള, ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരായ താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട് അനുഭവമില്ലാത്തവരെ നിയമിക്കാനുള്ള നീക്കം സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണെന്നാണ് ആരോപിക്കപ്പെടുന്നത്.
ഇവരെ പിരിച്ചുവിട്ട് ശമ്പളവര്‍ധനവോടെ പുതിയ ആളുകളെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. പുതിയതായി നിയമിക്കുന്നവര്‍ക്ക് 29,540 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
പുതിയ നിയമനത്തിനുള്ള എഴുത്തുപരീക്ഷയില്‍ നിലവിലുള്ളവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ജോലിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന അടക്കമുള്ള പരിഗണന ഇല്ലെന്നത് അന്യായമാണെന്ന് നിലവിൽ ജോലിയിലുള്ള സോഷ്യല്‍ വര്‍ക്കര്‍മാര്‍ പറയുന്നു.
ആദിവാസികളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിച്ചത്.
വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭിക്കുന്നതിലെ തടസ്സങ്ങള്‍ കണ്ടെത്തുകയും ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കുകയും ചെയ്യുകയാണ് ദൗത്യം. അതോടൊപ്പം പരിശീലനങ്ങള്‍, ക്ലാസുകള്‍, സെമിനാറുകള്‍, കൗണ്‍സലിങ് എന്നിവയിലൂടെ ആദിവാസികളെ ശാക്തീകരിക്കുകയെന്നതും സോഷ്യല്‍ വര്‍ക്കര്‍മാരുടെ ഉത്തരവാദിത്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.