കല്പറ്റ: മ്യൂസിയത്തില്‍ വെക്കേണ്ടത് നവകേരള ബസല്ല, അതില്‍ സഞ്ചരിച്ചവരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കല്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി കല്പറ്റയില് നടത്തിയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. ഇടതുഭരണത്തില്‍ കേരളത്തിലെ സര്‍വ മേഖലകളും തകര്‍ന്നിരിക്കുകയാണ്. ഖജനാവ് താഴിട്ടുപൂട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനിറങ്ങിയത്. ഒരു രൂപ ചെലവാക്കാനില്ലാത്ത വിധത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കാലിയാക്കി. കഴിഞ്ഞ ദിവസം എം.ടി പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണെന്നും സതീശന് പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാറിന്റെ മുഖമുദ്ര. കെട്ടിടനികുതി, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിങ്ങനെ എല്ലാം കൂട്ടിയ സര്‍ക്കാര്‍ കിട്ടേണ്ട നികുതി പിരിച്ചെടുക്കുന്നില്ല. കര്‍ഷകരുടെ നെല്ല് സംഭരിച്ചതിന്റെ പൈസ നല്കാന് തയാറാകുന്നില്ല. നവകേരള സദസ്സ് നടക്കുമ്പോള്‍ മാത്രം നാല് നെല്‍ക്കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ടി. ഹംസ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, പി.പി. ആലി, കെ.എല്‍. പൗലോസ്, കെ.കെ. വിശ്വനാഥൻ മാസ്റ്റര്‍, റസാഖ് കല്പറ്റ, സലീം മേമന, ജോസ് തലച്ചിറ, എം.സി. സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്, ബി. സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ഒ.വി. അപ്പച്ചന്, കെ.വി. പോക്കര്‍ഹാജി, അഡ്വ. ടി.ജെ. ഐസക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.