കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി (ബി.ഡി.എസ്) യിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. പാർട്ടി സംസ്ഥാന നേതൃത്വം ഉൾപ്പെടെയുള്ളവർ ഇടപെട്ട് മാസങ്ങൾ നീണ്ട ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് നിക്ഷേപകർ പരസ്യമായി സമരത്തിനിറങ്ങാൻ തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലക്ക് ബ്രഹ്മഗിരി വിക്ടിംസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21ന് പാതിരിപ്പാലം ബ്രഹ്മഗിരി ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തും.
ആദ്യമായാണ് ബി.ഡി.എസുമായി ബന്ധപ്പെട്ടവർ സൊസൈറ്റിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി രംഗത്തുവരുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കിയ വയനാട് ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ തന്നെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത് പാർട്ടിക്ക് തലവേദനയാകും. സംസ്ഥാന സെക്രട്ടറിയും മന്ത്രിയും അടക്കമുള്ള നേതാക്കൾ വയനാട്ടിലെത്തി ചർച്ച നടത്തുകയും പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ജീവനക്കാർക്കും നിക്ഷേപകർക്കും ഉറപ്പു നൽകുകയും ചെയ്തിരുന്നു. അവസാനമായി കഴിഞ്ഞ മാസം 14 ന് മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും 15 ദിവസത്തിനകം പരിഹരിക്കുമെന്ന് നിക്ഷേപകർക്ക് ഉറപ്പു നൽകുകയും ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്. നിലവിൽ 88 കോടി രൂപയുടെ ബാധ്യതയാണ് സൊസൈറ്റിക്ക് ഉള്ളത്. ഇതിൽ 68 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് നൽകാനുള്ളത്. 2022 ജൂൺ മുതലുള്ള ഇവരുടെ പലിശയും മുടങ്ങിയിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകക്ക് പുറമെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്നിന്നുൾെപ്പടെയുള്ള ബാങ്കുകളിൽ നിന്ന് 10 കോടി രൂപയോളം വായ്പ എടുത്തിരുന്നു. വിവിധ കുടുംബശ്രീകളിൽ നിന്നുമായി കോടിക്കണക്കിന് രൂപയും സമാഹരിച്ചിരുന്നു. കേരള ചിക്കൻ പദ്ധതി നടത്തിപ്പിന് വേണ്ടി കോഴി കര്‍ഷകരില്‍നിന്ന് വിത്തുധനമായി വാങ്ങിയ വകയിൽ മൂന്നര കോടിയോളം രൂപ വിവിധ ജില്ലകളിലായി നല്‍കാനുണ്ട്. ഈ തുക തിരികെ കിട്ടുന്നതിന് കോഴിക്കര്‍ഷകര്‍ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്പള ഇനത്തിലും വൻ ബാധ്യത സൊസൈറ്റിക്കുണ്ട്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരും പരസ്യമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ്. ഫാക്ടറി പ്രവർത്തനം ഏതാണ്ട് നിലക്കുകയും മാസങ്ങളായി നിക്ഷേപകർക്ക് പലിശ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെയും ബംഗളൂരുവിലെയും 600ലധികം വരുന്ന നിക്ഷേപകർ പാർട്ടി നേതൃത്വത്തെ സമീപിച്ചത്.
നിക്ഷേപകരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരോ അനുഭാവികളോ ആയതിനാൽ പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാൽ, പ്രശ്ന പരിഹാരത്തിന് മുന്നോട്ടു വെച്ച സമയം കഴിഞ്ഞ് മാസങ്ങളായിട്ടും തുടർ നീക്കങ്ങളൊന്നും പാർട്ടിയുടെയോ സൊസൈറ്റിയുടെയോ ഭാഗത്തു നിന്ന് ഉണ്ടായില്ല. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരുമാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. ഒരു ലക്ഷം മുതൽ 50 ലക്ഷം വരെ നിക്ഷേപിച്ചവർ ഇക്കൂട്ടത്തിലുണ്ട്. ഒമ്പത് മുതൽ 11 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്ന് സൊസൈറ്റി പണം സ്വീകരിച്ചത്. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച മുഴുവൻ തുകയും നിക്ഷേപിച്ചവരും സ്വർണം പണയ വെച്ച് പദ്ധതിയിൽ ചേർന്നവരും നിരവധിയാണ്.
വൻ സാമ്പത്തിക പ്രതിസന്ധിയിലായ ഘട്ടത്തിൽ വീണ്ടും നിക്ഷേപം സ്വീകരിച്ചാണ് സൊസൈറ്റി പ്രവർത്തനം മുന്നോട്ടു പോയിരുന്നത്. നിലവിൽ സൊസൈറ്റിക്ക് വേണ്ടി വായ്പയെടുക്കാൻ ഈട് വെച്ച മുൻ എം.എൽ.എയും സൊസൈറ്റിയുടെ ചെയർമാനുമായിരുന്ന പി. കൃഷ്ണപ്രസാദിന്റെ കുടുംബ വീട് ഉൾെപ്പടെയുള്ള ഭൂമി ജപ്തി ഭീഷണിയിലാണുള്ളത്.
തകർച്ചക്ക് കാരണം കെടുകാര്യസ്ഥതയെന്ന് ആക്ഷൻ കമ്മിറ്റി
കൽപറ്റ: ബ്രഹ്മഗിരി സൊസൈറ്റിയുടെ തകർച്ചക്ക് കാരണം നടത്തിപ്പിലെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണെന്ന് ബ്രഹ്മഗിരി വിക്ടിംസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അഴിമതി നടന്നതായി തന്നെയാണ് വിശ്വസിക്കുന്നത്. അല്ലാത്ത പക്ഷം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. കേരളം കണ്ട ആസൂത്രിതവും സംഘടിതവുമായ നിക്ഷേപ തട്ടിപ്പാണ് ഉണ്ടായിരിക്കുന്നത്. പാർട്ടി ഇടപെട്ട് നിക്ഷേപ തുക തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും നാൾ. എന്നാൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചപ്പോഴാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സൊസൈറ്റിയിൽ പണം നിക്ഷേപിച്ച പലരും സാമ്പത്തിക പ്രതിസന്ധി കാരണം ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. ഇനിയും പാർട്ടിയുടെയോ സൊസൈറ്റിയുടെയോ വാഗ്ദാനങ്ങൾ വിശ്വസിച്ച് മുന്നോട്ടുപോകാനാവില്ല.
21 ന് രാവിലെ 10 ന് സൊസൈറ്റി ഓഫിസിലേക്ക് നടത്തുന്ന ബഹുജന മാർച്ചിന് ശേഷവും പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ കലക്ടറേറ്റിലേക്കും സെക്രേട്ടറിയറ്റിലേക്കും ഡയറക്ടർമാരുടെയും പ്രമോട്ടർമാരുടെയും വീടിന് മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് മാത്യു, സെക്രട്ടറി എം.ആർ. മംഗളൻ, സി.എ. ജോസ്, പി.സി. ബാബു, എൻ. രമേശ്, ആൻസി റോയി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.