കൽപറ്റ: മാനന്തവാടി -പടിഞ്ഞാറത്തറ-കൽപറ്റ റൂട്ടിൽ രാത്രി യാത്ര നടത്തുന്ന സ്വകാര്യ ബസുകൾ വഴിയിൽ വെച്ച് ട്രിപ് റദ്ദാക്കുന്നതായി പരാതി. രാത്രി 7.07ന് മാനന്തവാടിൽനിന്ന് കൽപറ്റക്ക് പുറപ്പെടേണ്ട സ്വകാര്യ ബസ് അവസാന ട്രിപ് വഴിയിൽ വെച്ച് റദ്ദാക്കുകയാണ്. ഈ ബസ് കാവുംമന്ദത്ത് ട്രിപ് അവസാനിപ്പിക്കുന്നതിനാൽ രാത്രിയിൽ കൽപറ്റയിലേക്ക് എത്തിപ്പെടാനാകാതെ ദുരിതത്തിലാണ് ജനം. ബസ് കൽപറ്റയിലെത്തി വീണ്ടും തിരിച്ച് വന്നാണ് കാവുംമന്ദത്ത് ട്രിപ് അവസാനിപ്പിക്കേണ്ടത്.
എന്നാൽ, മാനന്തവാടിയിൽ നിന്ന് വരുമ്പോൾ തന്നെ കാവുംമന്ദത്ത് നിർത്തിയിടുകയാണെന്നാണ് യാത്രക്കാരുടെ പരാതി. 6.06ന് മാനന്തവാടിയിൽനിന്ന് യാത്ര തുടങ്ങി കൽപറ്റയിൽ വന്ന് തിരിച്ച് പടിഞ്ഞാറത്തറയിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ട മറ്റൊരു ബസും ഇത്തരത്തിൽ ട്രിപ്പ് റദ്ദാക്കുന്നുവെന്ന് പരാതിയുണ്ട്. മാനന്തവാടിയിൽനിന്ന് വരുമ്പോൾ തന്നെ പടിഞ്ഞാറത്തറയിൽ ട്രിപ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. യാത്രക്കാരുടെ പരാതി വ്യാപകമായതോടെ മോട്ടോർ വാഹന വകുപ്പ് രണ്ടു തവണ പിഴ ഈടാക്കുകയുണ്ടായി. പെർമിറ്റ് ലംഘനം പതിവാക്കിയ ബസിന്റെ പെർമിറ്റ് സസ്പെന്റ് ചെയ്യാൻ മാനന്തവാടി ജോയന്റ് ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇതേ തുടർന്ന് നാല് ദിവസം രാത്രി സർവിസ് നടത്തിയെങ്കിലും വീണ്ടും പഴയപടി വഴിയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. കർണാടകയിലേക്കും തെക്കൻ കേരളത്തിലേക്കും പോകുന്ന ബസുകളിൽ ടിക്കറ്റ് റിസർവേഷൻ നടത്തിയ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ രാത്രിയിൽ ഈ ബസുകളെയാണ് കൽപറ്റയിലെത്താൻ ആശ്രച്ചിരുന്നത്. ഇതോടെ അമിത യാത്രക്കൂലി നൽകി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.