കൽപറ്റ: നഗരസഭയിലെ മൈലാടി കോളനിക്കാരുടെ ജീവിതം ദുരിതത്തിൽ. ഇവർക്ക് നിർമിക്കുന്ന വീടുകളുടെ പണി ഒരുവർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. വീടുകൾ പൊളിച്ചപ്പോൾ കുടുംബങ്ങളെ സമീപത്തെ വയലിൽ താൽക്കാലിക കുടിലുകൾ നിർമിച്ചാണ് താമസിപ്പിച്ചത്. ഷീറ്റ് മറച്ചുകെട്ടിയ ഒറ്റമുറി ഷെഡിൽ മൂന്നും നാലും കുടുംബങ്ങൾ താമസിക്കുന്നു. കുടിവെള്ളത്തിന് സമീപത്തെ ചളിക്കുഴിയാണ് ആശ്രയം. ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതും കടുത്ത പ്രയാസമുണ്ടാക്കുന്നു. വയലിൽ വെള്ളം കെട്ടിനിന്ന് പരിസരം മലിനമായത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു.
നഗരസഭ 21ാം വാർഡിൽ ഉൾപ്പെട്ട കോളനിയിൽ 23ഓളം പണിയ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടത്തെ വീടുകളുടെ ദുരവസ്ഥ പരിഹരിക്കാൻ സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഒരു കോടിയോളം രൂപ വകയിരുത്തി 11 വീടുകളുടെ നിർമാണം ആരംഭിക്കുന്നതിനും ബാക്കി കുടുംബങ്ങളെ വേറെ സ്ഥലം കെണ്ടത്തി പുനരധിവസിപ്പിക്കുന്നതിനും തുടക്കം കുറിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ആരംഭിച്ച വീടുകളുടെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.
മഴക്കാലത്തിനുമുമ്പ് വീടുകളുടെ നിർമാണവും മറ്റു കുടുംബങ്ങളുടെ പുനരധിവാസവും വേഗത്തിൽ പൂർത്തീകരിക്കാൻ നഗരസഭ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.