കൽപറ്റ: മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിൽ നടന്ന നൈപുണ്യ മെഗാ ജോബ് ഫെയറിൽ ശ്രദ്ധേയമായി വ്യോമസേനയുടെയും നാവിക സേനയുടെയും സ്റ്റാളുകൾ. ഞായറാഴ്ച രാവിലെ തൊഴിൽ മേള ആരംഭിച്ചത് മുതൽ തന്നെ യൂനിഫോം അണിഞ്ഞ ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിയാൻ ഏറെ ഉദ്യോഗാർഥികൾ എത്തിയിരുന്നു. ഓരോരുത്തരോടും സെലക്ഷൻ നടപടികളെ കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വ്യോമസേനയുടെ സ്റ്റാളിൽ നിന്ന് ഔദ്യോഗിക മോബൈൽ ആപ്ലിക്കേഷനായ MYIAFഉം പരിചയപ്പെടുത്തി. ഇരുനൂറോളം ഉദ്യോഗാർഥികളാണ് സേനയുടെ പബ്ലിസിറ്റി സ്റ്റാളുകളിൽ രജിസ്റ്റർ ചെയ്തത്. നാവികസേനയുടെ പബ്ലിസിറ്റി സ്റ്റാളിൽ എൻ.സി.സി അംഗങ്ങളായ ഉദ്യോഗാർഥികളാണ് കൂടുതലും പങ്കെടുത്തത്.
തൊഴിൽ പരിചയപ്പെടുത്തൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും സംഘടിപ്പിക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥരായ പി.കെ. ഷെറിൻ, ശ്യാംജിത്ത് എന്നിവർ അറിയിച്ചു.
കൽപറ്റ: തൊഴില്‍ രംഗം വലിയ മാറ്റത്തിന് വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യ വികസനം അനിവാര്യമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് വയനാടും ജില്ല ഭരണകൂടവും ചേര്‍ന്ന് മുട്ടിൽ ഡബ്ല്യു.എം.ഒ കോളജില്‍ സംഘടിപ്പിച്ച 'നൈപുണ്യ - 2022' മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രത്യേക തൊഴിലിനോട് മാത്രമുള്ള ആഭിമുഖ്യത്തിന് പകരം മാറുന്ന ലോകത്തിന്റെ തൊഴില്‍ സാധ്യതകളിലേക്കാണ് ഇനിയുള്ള കാലം വിദ്യാര്‍ഥി സമൂഹത്തിന്റെയും തൊഴിലന്വേഷകരുടെയും ശ്രദ്ധപതിയേണ്ടത്. പുതിയ ആശയങ്ങളുമായി ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുമ്പോള്‍ വിദ്യാസമ്പന്നരായ വിദ്യാർഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലക്ക് അത്ര പരിചിതമല്ലാത്ത ഇത്തരം ജോബ് ഫെയറുകള്‍ വിദ്യാർഥി സമൂഹവും തൊഴിലന്വേഷകരും പരമാവധി ഉപയോഗപ്പെടുത്താന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എ. ഗീത, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി. മുഹമ്മദ് പരീത്, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.