കൽപറ്റ: അന്തസ്സുറ്റ പരിചരണം വീടുകളില്‍തന്നെ എന്ന സന്ദേശവുമായി ജനുവരി 15ന് സാന്ത്വന പരിചരണ ദിനം. ജില്ലയില്‍ 8878 ആളുകള്‍ ഇതുവരെ പാലിയേറ്റിവ് കെയറിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അർബുദ രോഗികള്‍ 2831 ആണ്. ഡയാലിസിസ് ചെയ്യുന്നവര്‍ 508. കഴുത്തിനുതാഴെയും അരക്കുതാഴെയും തളര്‍ന്നുകിടക്കുന്നവര്‍ 211 ആളുകളുണ്ട്. പക്ഷാഘാതം വന്നവര്‍ 1463 ആണ്. രോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത സാഹചര്യത്തിലും ബുദ്ധിമുട്ടുകള്‍ പരമാവധി കുറച്ച് രോഗിയുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുകയാണ് സാന്ത്വന പരിചരണത്തില്‍ പ്രധാനം.
അതിനാല്‍, ജീവിതം പരിമിതപ്പെടുത്തുന്ന രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസമാണ് ഈ പരിചരണ രീതി. സാന്ത്വന പരിചരണം ലഭിക്കേണ്ട മുഴുവന്‍ ജനങ്ങള്‍ക്കും അര്‍ഹമായ അളവില്‍ പരിചരണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഓരോ ദിനാചരണത്തിന്റെയും ലക്ഷ്യം.
അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ നല്‍കുകയും ഒരു വീട്ടില്‍ ഒരു വളന്റിയര്‍ എന്നത് നടപ്പാക്കുകയെന്ന സംസ്ഥാന സര്‍ക്കാറിന്റെ പാലിയേറ്റിവ് നയത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി പരിചരണം നല്കിവരുന്നു. പ്രൈമറി, സെക്കന്‍ഡറി തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയും പ്രധാനപ്പെട്ട ആശുപത്രികള്‍ വഴിയും അതായത് ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍ വഴിയും പരിചരണം നല്കിവരുന്നു.
പ്രൈമറിതലത്തില്‍ കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി അടിസ്ഥാന പരിചരണം നല്‍കും. മൂത്ര ട്യൂബ് മാറ്റാന്‍, മുറിവുകള്‍ ഡ്രസ്സ് ചെയ്യല്‍ എന്നിവക്കുപുറമെ ശാരീരിക, സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്നങ്ങളില്‍ ഇടപെടുകയും വേണ്ട നിർദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സെക്കന്‍ഡറിതലത്തില്‍ ഫിസിയോതെറപ്പി ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണങ്ങളാണ് നല്‍കുന്നത്. കമ്യൂണിറ്റി നഴ്സുമാരുടെയും ഫിസിയോതെറപ്പിസ്റ്റ്മാരുടെയും, സ്റ്റാഫ് നഴ്സുമാരുടെയും നേതൃത്വത്തിലാണ് പരിചരണം.
സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ജില്ലതല പരിപാടികള്‍ 'ദീപ്തം' രാവിലെ 11ന് കാരാപ്പുഴ ഡാം പരിസരത്തെ ഓപൺ സ്റ്റേജില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും. ബ്രസ്റ്റ് കാന്‍സര്‍ രോഗികളുടെ സംഗമവും ക്ലാസുമുണ്ടാകും. ഈ വര്‍ഷത്തെ പാലിയേറ്റിവ് ദിനാചരണം ബ്രസ്റ്റ് കാന്‍സറിന് പരിചരണം തേടുന്ന രോഗികളുടെ കൂട്ടായ്മയായാണ് നടത്തുന്നത്.
കൽപറ്റ: 22 വര്‍ഷമായി വയനാട്ടിലെ അശരണരുടെ ആലംബമായി പ്രവര്‍ത്തിക്കുന്ന വയനാട് ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയറിന്റെ ഇത്തവണത്തെ പാലിയേറ്റിവ് ദിനാചരണം 'പാലിയേറ്റിവ് കെയര്‍ ക്ലിനിക്കുകള്‍ക്കപ്പുറം' എന്ന ശീര്‍ഷകത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കിടപ്പുരോഗികള്‍ക്കായി വീടുകളില്‍ചെന്ന് സാന്ത്വന പരിചരണം നല്കിവരുകയാണ് ജില്ലയിലെ വിവിധയിടങ്ങളിലായുള്ള 16 പാലിയേറ്റിവ് കെയറുകള്‍.
കല്പറ്റ ശാന്തി, മേപ്പാടി ജ്യോതി, വെള്ളമുണ്ട പാലിയേറ്റിവ് കെയര്‍ എന്നിവ നേരിട്ട് നടത്തുന്ന ഡയാലിസിസ് സെന്ററുകളിലൂടെ 100ലധികം രോഗികള്‍ക്കാണ് ആഴ്ചയില്‍ മൂന്ന് എന്ന കണക്കിന് സാമൂഹിക പങ്കാളിത്തത്തോടെ സൗജന്യ ഡയാലിസിസ് നടത്തുന്നത്. ജില്ലയിലെ മാറാരോഗികള്‍ വിദഗ്ധ ചികിത്സക്ക് ഇപ്പോഴും ഇതര ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും ഇതിന് പരിഹാരം കാണാൻ ജില്ല ഭരണകൂടം മുന്‍കൈയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വയനാട് ഇനിഷ്യേറ്റിവ് പാലിയേറ്റിവ് കെയര്‍ ചെയര്മാന് ഗഫൂര്‍ താനേരി, ജനറല്‍ സെക്രട്ടറി സി.എച്ച്. സുബൈര്‍, ഇസ്മയില്‍ തൈവളപ്പില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വെള്ളമുണ്ട: കോവിഡ് കാലത്തും ഇടമുറിയാതെ കാരുണ്യഹസ്തം വ്യാപിപ്പിച്ച് വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ്. ആശുപത്രികളുടെ പ്രവർത്തനം പോലും നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ സമയത്തും പാലിയേറ്റിവ് കെയർ യൂനിറ്റ് പ്രവർത്തകർ സേവനം ഒരിക്കൽ പോലും നിർത്തിവെച്ചിരുന്നില്ല. ക്ലസ്റ്ററുകൾ രൂപപ്പെട്ട് പ്രവേശന റോഡുകൾ അടച്ചുപൂട്ടിയ സ്ഥലങ്ങളിലടക്കം കോവിഡ് മാനദണ്ഡം തെറ്റിക്കാതെ കടന്നുചെന്ന പ്രവർത്തകരെ പാലിയേറ്റിവ് കെയർ ദിനത്തിൽ നാട് നെഞ്ചോടുചേർക്കുകയാണ്.
അർബുദം, എയ്ഡ്സ് തുടങ്ങിയ മാരക രോഗങ്ങൾ, പക്ഷാഘാതം, നട്ടെല്ലിന് പറ്റിയ ബീഡി രോഗം, വൃക്കസംബന്ധമായ തകരാറുകൾ തുടങ്ങിയ മാനസികവും ശാരീരികവും സാമ്പത്തികവുമായ വിഷമതകൾ അനുഭവിക്കുന്ന ധാരാളം പേരുള്ള വെള്ളമുണ്ടയിൽ സാന്ത്വനമായി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ രൂപം കൊള്ളുന്നത് 2002ലാണ്. വെള്ളമുണ്ട കേന്ദ്രീകരിച്ച് തുടങ്ങിയ ഹോം കെയർ യൂനിറ്റ് 2008ൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് വിപുലീകരിച്ച് ക്ലിനിക് പ്രവർത്തനമാരംഭിച്ചു.
പിന്നീട് ഒ.പി സേവനം, ഫിസിയോ തെറപ്പി, മാനസികരോഗ വിഭാഗം, ഡയാലിസിസ് സെന്റർ തുടങ്ങിയ വിവിധ ശാഖകളായി വളരുകയായിരുന്നു. നിലവിൽ 400 ഓളം കിടപ്പുരോഗികൾക്ക് ആശ്വാസമാണീ യൂനിറ്റ്. രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടുമ്പോഴും വളന്റിയർമാരുടെ എണ്ണം കൂട്ടാൻ പെടാപാട്പെടുന്ന അവസ്ഥയുമുണ്ട്.
സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട സേവന സന്നദ്ധരായ വ്യക്തികളാൽ നടത്തപ്പെടുന്ന ജനകീയ സംരംഭമാണ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റുകൾ. യൂനിറ്റിന് കീഴിലുള്ള ക്ലിനിക്കിൽ എല്ലാ ചൊവ്വാഴ്ചയും പുതുതായി എത്തുന്ന രോഗികളുടെ പേര് രജിസ്റ്റർ ചെയ്യുന്നു. രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. സാധാരണ ആശുപത്രി സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ലിനിക്കിലെത്തുന്ന ഓരോ രോഗിയോടും കൂടെവരുന്ന സഹായിയോടും വളന്റിയർ വിശദമായി സംസാരിച്ച് ശാരീരിക, മാനസിക, സാമൂഹിക സാമ്പത്തിക, ആത്മീയ പ്രശ്നങ്ങൾ മനസ്സിലാക്കി രോഗിയുടെ കേസ് ഷീറ്റിൽ രേഖപ്പെടുത്തുകയും ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം അദ്ദേഹം നിർദേശിക്കുന്ന മരുന്നുകളും ആവശ്യമായ മറ്റു പരിചരണങ്ങളും നൽകുകയും ചെയ്യുന്നു.
ഒ.പിയുടെ അവസാനം ഡോക്ടർ, നഴ്സ്, വളന്റിയർമാർ എന്നിവർ ചേർന്ന് അന്ന് ഒ.പിയിൽ എത്തിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ അവലോകനം ചെയ്യുകയും വീടുകളിൽ ചെന്ന് പ്രത്യേക പരിചരണം നൽകേണ്ടവരുടെ പട്ടിക തയാറാക്കുകയും ചെയ്യുന്നു. ക്ലിനിക്കിലെത്തുന്ന രോഗികൾക്കും പരിചാരകർക്കും ലഘുഭക്ഷണം നൽകിവരുന്നുണ്ട്.
എല്ലാ വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ നഴ്സും പരിശീലനം ലഭിച്ച വളന്റിയർമാരും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട രോഗികളെ അവരുടെ വീടുകളിൽ എത്തി ആവശ്യമായ പരിചരണം നൽകി വരുന്നു. വ്രണങ്ങൾ വൃത്തിയാക്കി മരുന്ന് വെച്ച് ഡ്രസ് ചെയ്യുക, മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ആവശ്യമെങ്കിൽ കത്തീറ്റർ ഇടുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആവശ്യമെങ്കിൽ റൈസ് ട്യൂബ് ഇടുക, ദിവസങ്ങളായി മലശോധനയില്ലാത്തവർക്ക് എനിമ നൽകുക, കുടുംബാംഗങ്ങൾക്ക് രോഗീപരിചരണത്തിനാവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകുക, രോഗിയുടെ കുടുംബാന്തരീക്ഷം മനസ്സിലാക്കി ആവശ്യമെങ്കിൽ പ്രത്യേക സഹായം നൽകുക, രോഗികളുടെ അയൽവാസികളെ സന്ദർശിച്ച് ബന്ധം സ്ഥാപിക്കുക എന്നിവയാണ് ഹോം കെയറിൽ ചെയ്തുവരുന്നത്.
മലമൂത്ര വിസർജനത്തിനാവശ്യമായ സിറ്റിങ് ചെയർ, ബെഡ്പാൻ തുടങ്ങിയവ മറ്റുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നൽകിവരുന്നു. ആവശ്യമുള്ള രോഗികൾക്ക് ലഭ്യതയനുസരിച്ച് ഓക്സിജൻ കോൺസൻട്രേറ്റർ നൽകുന്നു. അർബുദരോഗികൾക്കും കിടപ്പിലായ രോഗികൾക്കും അവരുടെ പരിചാരകർക്കും സർക്കാറിൽനിന്നും സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിനാവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകിവരുന്നുണ്ട്.
വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് പ്രവർത്തനങ്ങൾക്ക് പ്രതിമാസം 1,00,000 രൂപയോളം വരുന്നുണ്ട്. സാമൂഹിക പങ്കാളിത്തത്തോടെയാണ് ഇത് സ്വരൂപിക്കുന്നത്. സാമൂഹിക പങ്കാളിത്തത്തോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് വെള്ളമുണ്ട പാലിയേറ്റിവ് യൂനിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.