കൽപറ്റ: ആദിവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ നിയമപരമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ ജനകീയ ഇടപടലുകളും പ്രയോജനപ്പെടുത്തണമെന്ന് പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമീഷൻ ചെയര്മാന് ബി.എസ്. മാവോജി പറഞ്ഞു.
ജില്ല ആസൂത്രണ ഭവനില്‍ നടന്ന പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമീഷൻ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി സംബന്ധമായ വിഷയങ്ങളിലും തൊഴില്‍ പ്രശ്നങ്ങളിലും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ആദിവാസി വിഭാഗം ഇരകളായി മാറുന്ന സാഹചര്യമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന് ജില്ലയില്‍ നടത്തിയ അദാലത്തില്‍ 61 കേസുകള്‍ തീര്‍പ്പാക്കി. വിവിധ വിഷയങ്ങളില്‍ കമീഷന് മുമ്പാകെ സമര്‍പ്പിച്ചതും വിചാരണയിലിരിക്കുന്നതുമായ 85 കേസുകളാണ് ചെയര്മാന് ബി.എസ്. മാവോജിയുടെയും കമീഷന് അംഗം അഡ്വ. സൗമ്യ സോമന്റെയും നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത്.
പരാതിക്കാരെയും എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമീഷന് നേരില്‍കേട്ടു. 24 പരാതികളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില കേസുകളില്‍ പുനരന്വേഷണത്തിനും ശിപാര്‍ശ ചെയ്തു. പുതുതായി 40 പരാതികളും കമീഷന് മുന്നിലെത്തി. റിപ്പോര്‍ട്ട് തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്മാന് പറഞ്ഞു.
അമ്പലവയല്‍ നീര്ച്ചാല് കോളനിയിലെ ബാബുവിന് മര്‍ദനമേറ്റ സംഭവത്തില്‍ കേസെടുത്തതായി ജില്ല പൊലീസ് മേധാവി നേരിട്ടെത്തി കമീഷനെ അറിയിച്ചു. ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന ആവശ്യവുമായി നിരവധി അപേക്ഷകളും അദാലത്തില്‍ എത്തിയിരുന്നു. കലക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ. ഷാജു, കമീഷന് അസി. രജിസ്ട്രാര്‍ ബിന്ദു രാമനാഥന്, സെക്ഷന്‍ ഓഫിസര്‍മാരായ വി. വിനോദ് കുമാര്‍, എം.എസ്. ശബരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.