തുരങ്കപാതക്ക് അനുമതി; ഡി.എഫ്.ഒമാരുടെ ശിപാർശ തള്ളണമെന്ന്

കൽപറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്ക് ഫോറസ്റ്റ് ക്ലിയറൻസ് ശിപാർശ ചെയ്തുള്ള കോഴിക്കോട്-സൗത്ത് വയനാട് ഡി.എഫ്.ഒമാർ നൽകിയ ശിപാർശകൾ വനം-വന്യജീവി താൽപര്യങ്ങളെ ഹനിക്കുന്നതും രാഷ്ട്രീയ-ഭരണനേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ളതുമായതിനാൽ തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിവേഷ് പോർട്ടലിൽ ഡി.എഫ്.ഒമാരുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡി.എഫ്.ഒമാർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് വനം-വന്യജീവി സംരക്ഷണത്തിന്‍റെ പ്രാഥമിക നിയമങ്ങളെ ഹനിക്കുന്നതും അർധസത്യങ്ങളും അസത്യങ്ങളും നിറഞ്ഞതാണെന്നും സമിതി ആരോപിച്ചു. തുരങ്കം കടന്നുപോകുന്ന മലനിരകൾ അതീവ സംരക്ഷണ പ്രാധാന്യം അർഹിക്കുന്നതും സങ്കീർണവും ലോലവുമായ പരിസ്ഥിതി സന്തുലനം നിലനിൽക്കുന്നതുമായ പ്രദേശമാണ്.

വയനാടിന്‍റെയും കോഴിക്കോട് ജില്ലയുടെയും കാലാവസ്ഥയെയും ജലസുരക്ഷയെയും കാലവർഷത്തെയും നിയന്ത്രിക്കുന്ന ക്യാമൽ ഹംപ് പർവതനിരകളുടെ മർമകേന്ദ്രമാണ്. ഇവിടത്തെ സസ്യ ജനുസ്സുകളെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും ഡി.എഫ്.ഒമാർക്ക് പ്രാഥമിക ധാരണപോലുമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ പ്രദേശത്ത് കാണുന്ന പക്ഷികളും ശലഭങ്ങളും റിപ്പോർട്ടിൽ പറഞ്ഞതിന്‍റെ മൂന്നിരട്ടിയിലേറെയുണ്ട്. പശ്ചിമഘട്ടത്തിലെ അമൂല്യമായ ഈ ഭൂഭാഗം വരും തലമുറക്കായി കാത്തുരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ സർവനാശത്തിന് കൂട്ടുനിൽക്കയാണ്.

തുരങ്കപാതക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട വനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അത് നഷ്ടപ്പെട്ടാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ചും ഒരക്ഷരം പറയാതെ വയനാടൻ ചുരം റോഡുകളുടെ ഗതാഗതക്കുരുക്കിനെക്കുറിച്ചും ഇനിയും വർധിക്കാൻ സാധ്യതയുള്ള ഗതാഗത വർധനവിനെക്കുറിച്ചും അതുമൂലം വന്യജീവികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെയാണ് ഡി.എഫ്.ഒമാർ റിപ്പോർട്ടിൽ ഉത്കണ്ഠപ്പെടുന്നത്.

നിയുക്ത തുരങ്കപാതക്ക് വളരെയടുത്ത് 2018 ൽ പൂത്തുമലയിൽ ഉരുൾപൊട്ടി നിരവധി പേർ മരിച്ചത് സൂചിപ്പിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത് മുണ്ടക്കൈയിൽ 2020ലും ഏതാനും വർഷം മുമ്പും ഇതേ മലയുടെ പടിഞ്ഞാറൻ ചെരിവിൽ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചും ഈ മലനിരകളിൽ ഉടനീളം ഉണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ചും മിണ്ടുന്നില്ല.

പ്രത്യക്ഷത്തിൽ തന്നെ അബദ്ധജഡിലമായ ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞ് ഫോറസ്റ്റ് അനുമതി നിഷേധിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു.

എം. ഗംഗാധരൻ, പി.എം. സുരേഷ്, എം.വി. മനോജ്, തോമസ് അമ്പലവയൽ, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Permission for tunnel; recommendation of the DFOs rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.