കൽപറ്റ: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്നതും ചുരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരവും വിനോദസഞ്ചാര മേഖലക്കടക്കം ഉണർവേകാൻ കഴിയുന്നതുമായ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനകീയ കർമസമിതി ആരംഭിച്ച സമരം കൂടുതൽ ശക്തമാക്കുന്നു.
ബുധനാഴ്ച രാവിലെ 10ന് സമിതി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വയനാടിന്റെ ആവശ്യമായി ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഈ വിഷയം ഏറ്റെടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കർമസമിതി റിലേ സമരം 130ാം ദിവസത്തിലേക്ക് കടക്കുകയാണ്.
അധികൃതരുടെ ഭാഗത്തുനിന്നും ആശാവഹമായ ഒരിടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. പാത കടന്നുപോകുന്ന മേഖല റിസർവ് വനമല്ലെന്നും വനഭൂമിയത്രയും പ്രത്യേക നോട്ടിഫിക്കേഷനിലൂടെ വനം വകുപ്പ് ഏറ്റെടുത്തതാണെന്നും ഇതിനകം തെളിഞ്ഞിട്ടുണ്ട്. പാതക്ക് അനുമതി നിഷേധിച്ച അധികൃതർ എഴുതിയ റിപ്പോർട്ടിൽ ഈ പാത കടന്നുപോവുന്നിടം ആനത്താരയുണ്ടെന്ന് പറഞ്ഞിരുന്നു.
എന്നാൽ, സമീപകാലത്ത് വകുപ്പ് മന്ത്രി തന്നെ അത് നിഷേധിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി. ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് താൽകാലിക പരിഹാരമുണ്ടാക്കി തലയൂരുന്ന ഭരണകൂടങ്ങൾ കോടികളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നത് നികുതിദായകരായ സാധാരണ ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണ്.
1994 ജനുവരി 13ന് ജി.ഒ (ആർ.ടി) 95/94/പ്ലി.ബ്ല്യു.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 15 മീറ്റർ വീതിയിൽ ആവശ്യമായ വനഭൂമി പി.ഡബ്ല്യു.ഡിക്ക് വിട്ടുനൽകിയ ഉത്തരവ് എവിടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് അന്വേഷിക്കണം. ഈ വനഭൂമിയിലൂടെ പൂഴിത്തോട്-പടിഞ്ഞാറത്തറ പാതക്ക് അനുമതി നിഷേധിച്ചതിനുശേഷം ഏതെങ്കിലും പാതകൾ വെട്ടിയിട്ടുണ്ടോയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് വനം വകുപ്പ് നൽകിയത്.
എങ്കിൽ ഒ.പി നമ്പർ 844/ 90 ഹൈകോടതി ഉത്തരവുപ്രകാരം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് പാത വെട്ടിനൽകിയത് എങ്ങനെയെന്ന് ഉത്തരവാദിത്തപ്പെട്ടവർ മറുപടി നൽകണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, അഷ്റഫ് കുറ്റിയിൽ, ബെന്നി മണിത്തോട്, സി.കെ. ആലിക്കുട്ടി എന്നിവർ സംബന്ധിച്ചു.
പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ് ജനകീയ കർമസമിതി ഉന്നയിക്കുന്ന വാദങ്ങൾ
• പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരമില്ലാപാത പാതിവഴിയിൽ നിലച്ചിട്ട് 28 വർഷമാവുകയാണ്. മറ്റൊരു പദ്ധതിയായ തുരങ്കപാത വയനാടിനായി പ്രഖ്യാപിക്കാൻ സർക്കാർ കാത്തിരുന്നതും 28 വർഷം
• പൂഴിത്തോട്-പടിഞ്ഞാറത്തറ സ്വപ്നപാത പൂർത്തിയാവാൻ ശേഷിക്കുന്ന ദൂരം ഏഴുകിലോമീറ്റർ മാത്രമാണ്. തുരങ്കപാതയിൽ തുരങ്കത്തിന് മാത്രം നീളം 8.50 കിലോമീറ്ററുണ്ട്. അനുബന്ധ റോഡുകളും പാലങ്ങളും വേറെ പണിയണം
• കോടിക്കണക്കിന് രൂപ തുരങ്കപാതക്കായി ചെലവിടണം.
എന്നാൽ, താരതമ്യേന വളരെ കുറഞ്ഞ ചെലവിൽ പൂഴിത്തോട്• പടിഞ്ഞാറത്തറ ബദൽ പാത യാഥാർഥ്യമാക്കാൻ കഴിയും. തുരങ്കപാതക്ക് പ്രതീക്ഷിക്കുന്ന ചിലവ് 2134 കോടിയാണ്. പാരിസ്ഥിതിക പഠനത്തിനും മറ്റും വേണ്ട ചിലവ് വേറെയും കാണണം. ഇതിന്റെ ചെറിയ അംശം മാത്രമേ ബദൽ പാതക്ക് മുടക്കേണ്ടിവരികയുള്ളൂ
• പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാതയിൽ നഷ്ടപ്പെടുന്നുവെന്ന് പറയുന്ന വനഭൂമി നേരത്തെ സ്വകാര്യ ഭൂമിയായിരുന്നു. എന്നാൽ, മേപ്പാടി-ആനക്കാംപൊയിൽ തുരങ്കപാതക്കായി നഷ്ടപ്പെടുന്നത് യഥാർഥ വനഭൂമിയാണ്
• പൂഴിത്തോട്- പടിഞ്ഞാറത്തറ പാത അതീവ പരിസ്ഥിതി ലോല മേഖലയിലല്ല. എന്നാൽ, തുരങ്കപാത കടന്നുപോവുന്നത് പശ്ചിമഘട്ട മലനിരകളെ തുരന്നും 1321 ഉരുൾപൊട്ടലുകൾ സമീപകാലത്തുണ്ടായ പുത്തുമല ദുരന്തഭൂമിയുടെ സമീപത്തുകൂടിയുമാണ്
• പൂഴിത്തോട്ടി-പടിഞ്ഞാറത്തറ പാതക്ക് ജനങ്ങൾ ഭൂമി വിട്ടുനൽകിയത് തീർത്തും സൗജന്യമായാണ്. തുരങ്കപാതക്ക് ഭൂമിയേറ്റെടുക്കുന്നതിന് കോടികൾ നൽകേണ്ടിവരും
• പൂഴിത്തോട്-പടിഞ്ഞാറത്തറ പാതക്ക് നഷ്ടപ്പെടുന്നുവെന്ന് പറയുന്ന വനഭൂമി 23.50 ഹെക്ടർ ആണ്. എന്നാൽ, എന്നാൽ തുരങ്കപാതക്ക് നഷ്ടപ്പെടുന്ന വനഭൂമി 34.50 ഹെക്ടർ ആണ്
• ബേപ്പൂർ-പൂഴിത്തോട്-പടിഞ്ഞാറത്തറ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-ബംഗളൂരു ചരക്കു നീക്കത്തിനുള്ള ഇടനാഴിയായി ഈ ബദൽപാത മാറും
• ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിന് പരിഹാരമായും ഈ പാത ഉപയോഗിക്കാൻ കഴിയും
• ബാണാസുര സാഗർ, കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകളുടെ ഓരത്തുകൂടി പോവുന്നതിനാൽ വൻ വിനോദസഞ്ചാര സാധ്യത പാതക്കുണ്ട്
• പൂഴിത്തോട്-പടിഞ്ഞാറത്തറ പാതക്ക് നഷ്ടപ്പെടുന്നുവെന്ന് പറയുന്ന വനഭൂമിക്ക് പകരം ഭൂമി സ്വകാര്യ വ്യക്തികളും വകുപ്പുകളും
വിട്ടുനൽകിയിട്ടുണ്ട്. തുരങ്കപാതക്ക് വനം വകുപ്പുതന്നെ കണ്ടെത്തി നൽകേണ്ടിവരുന്നു
• പൂഴിത്തോട്-പടിഞ്ഞാറത്തറ പാത കടന്നുപോവുന്നത് സ്വകാര്യ ഭൂമിയിലൂടെ. തുരങ്കപാത കടന്നുപോവുന്നത് റിസർവ് വനത്തിലൂടെ
• പൂഴിത്തോട്-പടിഞ്ഞാറത്തറ പാത കടന്നുപോവുന്നിടത്ത് ആനത്താരയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നത് തെറ്റാണെന്ന് വകുപ്പുമന്ത്രി തന്നെ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ, തുരങ്കപാത കടന്നുപോവുന്നത് ഐ.യു.സി.എൻ റെഡ് ഡേറ്റാബുക്കിൽ ഉൾപ്പെട്ട നീലഗിരി മാർട്ടിൻ (കറുംവെരുക്), ബാണാസുര ചിലപ്പൻ തുടങ്ങിയവയുടെ ആവാസകേന്ദ്രത്തിലൂടെയാണ്
• പൂഴിത്തോട്-പടിഞ്ഞാറത്തറ പാത കടന്നുപോവുന്നിടത്ത് ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും ഇല്ല. തുരങ്കപാതയിൽ പുല്ലൂരാംപാറ മുതൽ മുത്തപ്പൻ പുഴ വരെ വലിയ കയറ്റങ്ങളുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.