കൽപറ്റ: പൊന്നട, പുളിയാർമല,ചുഴലി റോഡുകളിൽ നടുവൊടിക്കും യാത്ര. റോഡുകൾ തകർന്നു തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. ദിവസേന ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന ഈ റോഡുകളാണിത്. ചുഴലി റോഡ് വീതി കൂട്ടി നവീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
വലിയ കുഴികൾ രൂപപ്പെട്ട ഇരു റോഡുകളിലും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. ചുഴലി റോഡ് പൂർണമായും തകർന്ന അവസ്ഥയാണ്. മഴ പെയ്യാൻ തുടങ്ങിയതോടെ റോഡാകെ ചളിക്കുളമായി. കെ.എസ്.ആർ.ടി.സി ഗാരേജ്, മിൽമ ഡെയറി, ജില്ല ലീഗൽ മെട്രോളജി ഓഫിസ് എന്നിവിടങ്ങളിലേക്കു കൂടിയുള്ള റോഡാണിത്. 500 ലധികം കുടുംബങ്ങൾ റോഡിനു ഇരുവശങ്ങളിലുമായി താമസിക്കുന്നുമുണ്ട്.
വലിയ ടാങ്കർ ലോറികളുടെ നിരന്തര ഓട്ടമാണു റോഡ് തകർച്ചക്ക് ആക്കം കൂട്ടുന്നതെന്നു നാട്ടുകാർ പറയുന്നു. റോഡ് പൂർണമായും തകർന്നതോടെ നാട്ടുകാരുടെ യാത്രാദുരിതം രൂക്ഷമായി. ഓട്ടോപോലും ഇതുവഴി വരാൻ മടിക്കുകയാണ്. വരുന്ന ഓട്ടോക്കാർ ഇരട്ടിയിലധികം കൂലിയാണ് ഈടാക്കുന്നത്.
പൊന്നട റോഡിലും പുളിയാർമല റോഡിലും ഇതേ അവസ്ഥ തന്നെയാണ്. റോഡ് പൂർണമായും കാണാത്ത വിധത്തിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മണിയങ്കോട് പുഴയിൽ വെള്ളം കയറിയാൽ പിന്നെ കൈനാട്ടി വഴി ചുറ്റി വേണം ഇവർക്ക് വീടുകളിൽ എത്താൻ. റോഡ് നന്നാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
സുൽത്താൻ ബത്തേരി: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന പൊൻമുടിക്കോട്ട ആണ്ടിക്കവല റോഡിന് ശാപമോക്ഷമായി. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. സത്താർ നിർവഹിച്ചു. കെ.എസ്. സജിത്ത് അധ്യക്ഷത വഹിച്ചു. പി. മനോഹരൻ , സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
പനമരം: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ചീങ്ങാടി കോളനിയിലേക്കുള്ള റോഡിൽ അനധികൃതമായി മണ്ണിട്ട് സഞ്ചാര യോഗ്യമല്ലാതാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും യാതൊരുവിധ അനുമതിയും കൂടാതെ മണ്ണിട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചത്.
സായി മന്ദിരത്തിലേക്കടക്കം ജനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന വഴി എത്രയും പെട്ടന്ന് യാത്രക്കനുയോജ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആഷിഖ് മൻസൂർ, ജനറൽ സെക്രട്ടറിമാരായ ഹിബത്തുള്ള മില്ലുമുക്ക്, മുഹമ്മദ്ഹാഫിസ്, ഫായിസ് പഞ്ചാര, ബൂത്ത് പ്രസിഡന്റ് കെ. മോഹനൻ , വാർഡ് പ്രസിഡന്റ് സി. പ്രസാത് എന്നിവർസംസാരിച്ചു.
തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാട്ടേരിക്കുന്ന് ബിസ്മില്ല റോഡിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ കോൺക്രീറ്റ് റോഡിൽ കാലങ്ങളായി ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. വെള്ളക്കെട്ട് പ്രശ്നം ശ്വാശതമായി പരിഹരിക്കാൻ റോഡ് ഉയർത്തി പുനർനിർമിക്കുകയോ ഡ്രെയ്നേജ് സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മേപ്പാടി: മാധ്യമം വാർത്ത തുണയായി. മൂപ്പൈനാട് അരപ്പറ്റ ടൗണിൽ റോഡിനിരു ഭാഗത്തുമുള്ള ഗർത്തങ്ങൾ ഒഴിവാക്കാൻ താൽക്കാലിക നടപടിയായി. ഇതു സംബന്ധിച്ച മേയ് 26 ലെ മാധ്യമം റിപ്പോർട്ടിന് പിന്നാലെ വിവിധ തലങ്ങളിൽ നിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് നടപടി.
ക്വാറി വേസ്റ്റ് കൊണ്ടുവന്ന് റോഡിനിരുവശത്തും നിരത്തി താൽക്കാലികമായി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് പൊതുമരാമത്ത് വകുപ്പധികൃതർ നടപടി തുടങ്ങിയത്. ചുണ്ടേൽ-ചോലാടി അന്തർ സംസ്ഥാന പാത നവീകരണ പ്രവൃത്തി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും റോഡിനിരുവശത്തും മണ്ണിട്ട് നികത്തുകയോ കോൺക്രീറ്റ് ചെയ്യുകയോ ഉണ്ടായില്ല. ടാറിങ് റോഡിൽനിന്ന് ഒന്നര അടിയോളം താഴ്ന്നാണ് റോഡിന്റെ ഇരുഭാഗവും ഉണ്ടായിരുന്നത്.
ഇത് കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കുമെല്ലാം വലിയ ബുദ്ധിമുട്ടുണ്ടാക്കി. ക്വാറി വേസ്റ്റ് ഇറക്കി താൽക്കാലികമായി പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് ചീഫ് എൻജിനീയർ നിർദേശം നൽകുകയായിരുന്നു. അതോടൊപ്പം റോഡിനിരുവശത്തും കോൺക്രീറ്റ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാൻ ചീഫ് എൻജിനീയർ ജില്ലയിലെ അധികൃതർക്ക് നേരിട്ട് നിർദേശം നൽകുകയും ചെയ്തു. ക്വാറി വേസ്റ്റ് കൊണ്ടുവന്ന് റോഡിനിരുവശത്തും നിരത്തുന്ന പ്രവൃത്തി ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.