കൽപറ്റ: ജില്ലയിൽ ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ വില വർധനക്കെതിരെ പ്രതിഷേധം. ക്വാറി ഉൽപന്നങ്ങളുടെ റോയൽറ്റി ഫീസ് വർധിപ്പിച്ചുവെന്ന കാരണം പറഞ്ഞ് ഒരു മാനദണ്ഡവുമില്ലാതെ ക്വാറി ഉടമകൾ ഏകപക്ഷീയമായി ഉൽപന്നങ്ങളുടെ വില കുത്തനെ വർധിപ്പിച്ചിരിക്കുകയാണെന്ന് നിർമാണ തൊഴിലാളികളും കരാറുകാരും ചൂണ്ടിക്കാട്ടുന്നു.
വില വർധനക്കെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനാണ് തൊഴിലാളി യൂനിയനുകളുടെ തീരുമാനം. മറ്റു ജില്ലകളിലെ അപേക്ഷിച്ച് കല്ല്, എം സാൻഡ് ഉൾപ്പെടെയുള്ള ക്വാറി-ക്രഷർ ഉൽപന്നങ്ങൾക്ക് ഒരടിക്കുള്ള വില ജില്ലയിൽ 18 മുതൽ 26 രൂപവരെ കൂടുതലാണെന്ന് യൂനിയനുകൾ പറയുന്നു.
എം സാൻഡിന് അടിക്ക് 55 രൂപവരെയാണ് ജില്ലയിൽ കുത്തനെ വർധിപ്പിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് വിലവർധിപ്പിച്ചത്. അതുപോലെ മറ്റു ക്വാറി ഉൽപന്നങ്ങൾക്കും അടിക്ക് 50 രൂപവരെ നൽകേണ്ട സാഹചര്യമാണുള്ളത്. അതേസമയം, ഇതേ ഉൽപന്നങ്ങൾക്ക് ഇതിന്റെ പകുതിയാണ് വിലയുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികൾ നിർമാണ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ജില്ലയിൽ നാമമാത്രമായ ക്വാറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലക്ക് പുറത്തുനിന്നാണ് ക്വാറി ഉൽപന്നങ്ങൾ കൂടുതലായി എത്തുന്നതും.
ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലയിൽ ക്വാറി-ക്രഷർ ഉൽപന്നങ്ങൾക്ക് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്. ഇത് നിർമാണ മേഖലയെ വലിയ രീതിയിൽ ബാധിക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിർമാണ മേഖലയിലെ സിമന്റുൾപ്പെടെയുള്ള വസ്തുക്കൾക്ക് വില വർധിച്ച് പ്രതിസന്ധിയിലായിരിക്കേ ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ രൂക്ഷമായ വില വർധനയും മേഖലയെ വലിയ തോതിൽ ബാധിക്കുമെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.