കൽപറ്റ: ഇക്കുറി നിറഞ്ഞു പൂവിട്ടിരിക്കുകയാണ് വയനാട്ടിലെ മാവുകൾ. റോഡരികിലെ നാട്ടുമാവുകളിൽ മുമ്പെങ്ങുമില്ലാത്തവിധം പൂക്കളാണ് വിരിഞ്ഞത്. ഇതുകാണുമ്പോൾ കിളികളേയും കുട്ടികളെക്കാളും സന്തോഷിക്കുന്നത് കേരളത്തിലെ അച്ചാർ കമ്പനികളാണ്. കാരണം, ഈ മാവുകളിപ്പോൾ പൂവിടുന്നതും കായ്ക്കുന്നതുമൊക്കെ അവർക്കുവേണ്ടിയാണ്. റോഡിന്റെ ഉടമസ്ഥതാധികാരമുള്ള പൊതുമരാമത്ത് വകുപ്പിന്റെ സാറന്മാർ ചുരുങ്ങിയ വിലയ്ക്ക് വഴിയരികിലെ കണ്ണിമാങ്ങകളത്രയും വർഷാവർഷങ്ങളിൽ അവർക്ക് സമ്മാനിക്കാറാണ് പതിവ്.
കിളികൾ, അണ്ണാൻ, കുരങ്ങുകൾ തുടങ്ങി പല ജന്തുജാലങ്ങളുടെയും ഭക്ഷണമാണ് ഈ നാട്ടുമാങ്ങകൾ. പഴുത്ത മാങ്ങകൾ തേടി ഇക്കാലത്ത് കുട്ടികളും ഈ മാവിൻചുവട്ടിലെത്തുന്നത് പതിവാണ്. ഗോത്രവർഗക്കാരായ കുഞ്ഞുങ്ങളാണ് കൂടുതലായി ഇവയെ ആശ്രയിക്കാറ്.
സ്വകാര്യ തോട്ടങ്ങളിൽനിന്ന് വലിയ മാവുകൾ മിക്കതും മുറിച്ചുമാറ്റിയതോടെ, ഹൃദ്യമായ മണവും മധുരവുമുള്ള പരമ്പരാഗത നാട്ടുമാങ്ങകൾ ഇപ്പോൾ അവശേഷിക്കുന്നത് പാതയോരങ്ങളിലാണ്. അതുംകൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അച്ചാർ കമ്പനികളുമായുള്ള അഴിമതി മണക്കുന്ന ചങ്ങാത്തത്തിലൂടെ നടക്കുന്നത്.
റോഡരികിലെ മാവുകളിൽ മാങ്ങകൾ പഴുക്കാൻ അനുവദിക്കാതെ കണ്ണിമാങ്ങയാകുമ്പോൾതന്നെ പറിച്ചെടുക്കുന്നതോടെ നാട്ടുമാവുകൾ അന്യംനിന്നുപോവാൻ അധികൃതർ വഴിയൊരുക്കുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
എല്ലാ വർഷവും ചുരുങ്ങിയ വിലയ്ക്ക് അച്ചാർ കമ്പനികൾക്ക് മാങ്ങകൾ മൊത്തമായി വിൽക്കുന്നതോടെ ഒരു മാവിൻതൈയെങ്കിലും മുളച്ചുവരാനുള്ള സാധ്യത അടച്ചുകളയുകയാണ്. കൊമ്പുകളോടെ വെട്ടിവീഴ്ത്തിയാണ് പല 'കരാറുകാരും' എളുപ്പത്തിൽ മാങ്ങ പറിച്ചെടുക്കുന്നത്.
മാവിന്റെ നിലനിൽപിന് ഭീഷണിയാവുകയാണിത്. കൊമ്പുവെട്ടി മാങ്ങ പറിച്ചതോടെ പലയിടങ്ങളിലും മരങ്ങൾ ഉണങ്ങിപ്പോയിട്ടുമുണ്ട്. ഇതിനെതിരെ നാട്ടുകാരും പരിസ്ഥിതിസ്നേഹികളുമൊക്കെ വർഷാവർഷങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്താറുണ്ടെങ്കിലും അധികൃതർ അതൊന്നും ഗൗനിക്കാറേയില്ല.
പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരും അച്ചാർ കമ്പനികളും തമ്മിലെ ഒത്തുകളിയുടെ മറവിൽ ചുരുങ്ങിയ തുകക്കാണ് കണ്ണിമാങ്ങ പറിക്കാനുള്ള 'അവകാശം' വർഷങ്ങളായി കൈമാറുന്നതെന്നും ആരോപണമുണ്ട്.
വയനാട്ടിലെ പ്രധാന പാതകളുടെ ഓരത്തുള്ള മാവുകളിൽനിന്ന് ടൺ കണക്കിന് കണ്ണിമാങ്ങയാണ് ഓരോ വർഷവും പറിച്ചെടുക്കുന്നത്. ഇതിന്റെ വിലയായി സർക്കാർ ഖജനാവിലെത്തുന്നതാകട്ടെ, നാമമാത്ര തുകയും. ചിലർ കരാർ സ്വന്തമാക്കി വൻതുകക്ക് മാങ്ങ മറിച്ചുവിൽക്കുകയും ചെയ്യാറുണ്ട്. ഉദ്യോഗസ്ഥർക്ക് അച്ചാർ കമ്പനികൾ വൻതുക നൽകിയാണ് ഇത്തരത്തിൽ മാങ്ങ പറിക്കാനുള്ള അവകാശം നേടിയെടുക്കുന്നതെന്നും ആരോപണമുയരുന്നു.
റോഡരികിലെ നാട്ടുമാവുകളിൽനിന്ന് മാങ്ങ പറിച്ചെടുക്കാനുള്ള അവകാശം പൊതുമരാമത്ത് വകുപ്പ് വിൽപന നടത്തുന്നത് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് പലയിടത്തും നാട്ടുകാർ. ജില്ല കലക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നും കുഞ്ഞുങ്ങൾക്കും കിളികൾക്കുമൊക്കെ അവകാശപ്പെട്ട മധുരമാങ്ങകൾ അച്ചാർ കമ്പനികൾക്ക് അടിയറ വെക്കുന്നത് തടയണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.