കൽപറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ചു. പി.എം.ജി.എസ്.വൈ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 2023-2024 ലെ ബാച്ച് ഒന്നിൽ ഉൾപ്പെടുത്തിയാണ് മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിന് 72.6 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്.
ജില്ലയിൽ പി.എം.ജി.എസ്.വൈ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്ന റോഡുകൾക്ക് പുറമേ വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡുകളുടെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട റോഡ് സൗകര്യം ഉറപ്പുവരുത്തുന്നതിനും കൂടുതൽ റോഡുകൾ ഉൾപ്പെടുത്തണമെന്ന് പാർലമെൻറ് അംഗം ആയിരിക്കെ രാഹുൽ ഗാന്ധി കേന്ദ്ര ഗ്രാമ വികസന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിൽ അധികമായി രണ്ടു റോഡുകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി, വണ്ടൂർ, കാളികാവ്, നിലമ്പൂർ, ബ്ലോക്കുകളിലായി 66.3 കിലോ മീറ്റർ റോഡുകളുടെ നവീകരണമാണ് ഇതിലൂടെ നടക്കുന്നത്.
പി.എം.ജി.എസ്.വൈ മൂന്നാംഘട്ടത്തിൽ 2020-21 വർഷത്തെ ബാച്ച് ഒന്നിൽ ഉൾപ്പെടുത്തി 22.64 കോടി രൂപയും 2021-2022 വർഷത്തെ ബാച്ച് ഒന്നിൽ ഉൾപ്പെടുത്തി 29.28 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു .
കൂടാതെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം എടക്കര -മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്പിനി പാലം നിർമിക്കുന്നതിനും, വയനാട് ജില്ലയിലെ അച്ചൂർ പാലം നിർമിക്കുന്നതിനും ഫണ്ട് അനുവദിക്കുവാൻ രാഹുൽ ഗാന്ധി കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് പാലങ്ങളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് ഗ്രാമവികസന വകുപ്പ് തയാറാക്കി വരുകയാണ്.
വയനാട്ടിലെ ഭൂപ്രകൃതി കണക്കിലെടുത്തു റോഡുകൾ തെരഞ്ഞെടുക്കാനുള്ള കുറഞ്ഞ ദൈർഘ്യം അഞ്ച് കിലോമീറ്റർ എന്ന മാനദണ്ഡം ലഘൂകരിക്കുന്നതിനും രാഹുൽ ഇടപെടലുകൾ നടത്തിയിരുന്നു. ഇത് അനുവദിച്ച് മന്ത്രി രാഹുൽ ഗാന്ധിക്ക് മറുപടിയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.