കൽപറ്റ: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി ചൊവ്വാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തുന്നത് പഴുതടച്ച സുരക്ഷ. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കൽപറ്റയിൽ എത്തുന്നതിനാൽ തന്നെ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ജില്ല പൊലീസ് മേധാവിക്ക് കീഴിൽ ഒമ്പതു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 800ഓളം പൊലീസുകാരുടെ സുരക്ഷയാണ് കൽപറ്റയിലൊരുക്കിയിരിക്കുന്നത്. സുരക്ഷക്കായി വിവിധ ജില്ലകളിൽനിന്നുള്ള പൊലീസുകാരാണ് വയനാട്ടിലെത്തിയിട്ടുള്ളത്.
രാഹുൽ ഗാന്ധിയെത്തുന്ന എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിലും തുടർന്ന് അവിടെനിന്ന് എം.പി ഓഫിസിന് സമീപത്തെ സമ്മേളന വേദിവരെ നടക്കുന്ന റോഡ് ഷോയിലും വലിയ രീതിയിലുള്ള പൊലീസ് കാവലാണ് ഉണ്ടാകുക. എം.പി ഓഫിസിന് മുന്നിലായുള്ള സമ്മേളന വേദിയിലും പരിസരത്തും പൊലീസ് സുരക്ഷയുണ്ടാകും. പരിപാടി നടക്കുന്നതിന്റെ ഭാഗമായി ഉച്ചക്കുശേഷം കൽപറ്റ നഗരത്തിൽ ഗതാഗത ക്രമീകരണവും ഉണ്ടാകും.
തിങ്കളാഴ്ച രാത്രി മുതൽ തന്നെ കൽപറ്റ നഗരം പൊലീസിന്റെ നിയന്ത്രണത്തിലാണ്. പ്രധാന വഴികളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വലിയ രീതിയിലുള്ള സ്വീകരണം ഒരുക്കാനാണ് യു.ഡി.എഫ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.