കൽപറ്റ: റേഷന്‍ കടകള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നു. സുൽത്താൻ ബത്തേരി താലൂക്കിലെ വള്ളുവാടി, പൂതാടി എന്നിവിടങ്ങളിലും മാനന്തവാടി താലൂക്കില്‍ യവനാര്‍കുളത്തും വൈത്തിരി താലൂക്കില്‍ മേപ്പാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെയും റേഷന്‍ കടകളാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ടാകുന്നത്. റേഷന്‍ കടകളെ ആധുനികവത്കരിച്ച് കൂടുതല്‍ ജനോപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്മാര്‍ട്ടായ റേഷന്‍ കടകളില്‍ ബാങ്ക്, എ.ടി.എം, മാവേലി സ്റ്റോര്‍ എന്നിവയുടെ സേവനം ലഭ്യമാകും. 5000 രൂപ വരെയുള്ള പണമിടപാടുകള്‍ കെ-സ്റ്റോറില്‍ സജ്ജീകരിച്ചിട്ടുള്ള ബാങ്കിങ് സംവിധാനത്തിലൂടെ നടത്താന്‍ കഴിയും. സപ്ലൈകോ മാവേലി സ്റ്റോറിലൂടെ ലഭ്യമാകുന്ന 13 ഇനം സബ്‌സിഡി ഇനങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാകും.
സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ അറുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുമാണ് കെ-സ്റ്റോര്‍ പദ്ധതി തുടങ്ങുന്നത്.
രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുളളില്‍ ബാങ്ക്, എ.ടി.എം, മാവേലി സ്റ്റോര്‍ എന്നിവയുടെ സേവനങ്ങള്‍ ലഭ്യമാകാത്ത ഇടങ്ങളിലെ റേഷന്‍ കടകളെയാണ് സ്മാര്‍ട്ടാക്കി കെ-സ്‌റ്റോറുകളാക്കുന്നത്.
സ്മാര്‍ട്ട് റേഷന്‍ കടകള്‍ തുടങ്ങാന്‍ അനുയോജ്യമായ അഞ്ച് സ്ഥലങ്ങള്‍ അടങ്ങിയ പ്രെപ്പോസല്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാല്‍ സ്മാര്‍ട്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.