കല്പറ്റ: കോട്ടത്തറ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ വൈശ്യന്, കൊളവയല്‍ പണിയ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. രണ്ടു കോളനികളിലെയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പില്‍ ഭൂമി കണ്ടെത്തിയെങ്കിലും വീടുകളുടെ നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. കാലവര്‍ഷത്തിനു മുമ്പ്പുനരധിവാസമുണ്ടാവില്ലെന്നത് രണ്ടു കോളനികളിലെയും കുടുംബങ്ങളെ അലട്ടുന്നു. ഇത്തവണയും മഴക്കാലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിച്ചുകൂട്ടേണ്ടിവരുമെന്ന ആധിയിലാണ് കുടുംബങ്ങള്‍.
വെണ്ണിയോടു ചെറുപുഴക്കു സമീപമാണ് വൈശ്യന് കോളനി. വലിയപുഴയോടു ചേര്‍ന്നാണ് കൊളവയല്‍ കോളനി. രണ്ടിടത്തുമായി 35ഓളം കുടുംബങ്ങളാണുള്ളത്. മഴക്കാലങ്ങളില്‍ വെണ്ണിയോടു ചെറിയപുഴയും വലിയപുഴയും കരകവിയുന്നതോടെ രണ്ടു കോളനികളും ഒറ്റപ്പെടും. പതിറ്റാണ്ടുകളായി ഇതാണ് സ്ഥിതി.
മഴവെള്ളം ഒഴുകിയെത്തി പുഴകള്‍ നിറയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കോളനിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് പതിവ്. പുഴകളിലെ വെള്ളം ഇറങ്ങുന്ന മുറക്കാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും കോളനികളിലേക്കുള്ള കുടുംബങ്ങളുടെ മടക്കം.
രണ്ടു വര്‍ഷം മുമ്പ് പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോൾ ദുരിതത്തിന് അറുതിവരുമെന്ന പ്രതീക്ഷയിലായിരുന്നു രണ്ടു കോളനികളിലെയും കുടുംബങ്ങൾ. എന്നാല്‍, നീണ്ടുപോവുന്ന ഭവന നിര്‍മാണം ഇവരുടെ പ്രതീക്ഷകള്‍ കെടുത്തുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചകളാണ് പുനരധിവാസം വൈകുന്നതിനു കാരണമെന്ന് അവര്‍ കരുതുന്നു.
കഷ്ടതകള്‍ സഹിച്ചാണ് കോളനികളിലെ കുടുംബങ്ങളുടെ ജീവിതമെന്ന് വാര്‍ഡ് അംഗം ബിന്ദു മാധവന്, പൊതുപ്രവര്ത്തകന് ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ പറഞ്ഞു. വാസയോഗ്യമല്ലാതായ വീടുകളിലും കൂരകളിലുമാണ് വൈശ്യന് കോളനിയിലെ കുടുംബങ്ങളുടെ താമസം. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ട സ്ഥലമായതിനാൽ കോളനികളില്‍ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. കോളനികളിലേക്കുള്ള വഴികളും സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. കോളനിവാസികളുടെ ദുരവസ്ഥക്ക് അടിയന്തര പരിഹാരമുണ്ടാവണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.