പണ്ട് ഓണമായാൽ നാട്ടിലിറങ്ങും, കുട്ടികളായ രണ്ടുപുലികളും ഒരു വേട്ടക്കാരനും. ഡ്രമ്മ് കൊട്ടി മറ്റൊരാളും. പരിപാടി കുറച്ചു കൂടി ഗ്രാന്റാണെങ്കിൽ ഇവർക്കൊപ്പം ഒരുകരിമ്പുലി കൂടിയുണ്ടാകും. ചാടിയും മറഞ്ഞും ഇവർ വീടായ വീടുകൾ കയറിയിറങ്ങി അഭ്യാസം നടത്തും. എല്ലാവരും പറയും ഈ പ്രാവശ്യം പുലികളി ഗംഭീരമായി. ഇതാണ് പുലികളി ... ഇങ്ങനെയാണ് പുലിക്കളി എന്ന ധാരണയിൽ നാട്ടിലെ പുലികളിയിൽ അഭിമാനമായിരുന്നു കലക്ടർക്ക്. ഈ ധാരണയുമായി 2017-18 തൃശൂരിൽ ജോലി കിട്ടിയെത്തിയപ്പോഴാണ് ഓണക്കാലത്ത് നഗരത്തിലിറങ്ങുന്ന നൂറുകണക്കിന് വൻ പുലികളെ കണ്ടത്. തേക്കിൻകാട് മൈതാനം നിറഞ്ഞൊഴുകുന്ന പുലിക്കൂട്ടങ്ങൾ നഗരം കൈയടക്കി നീങ്ങുന്നത് കണ്ടതോടെ ‘പുലി വരുന്നേ പുലി’ എന്ന കഥ പോലെയായി കലക്ടറുടെ മനസ്സ്...
കൽപറ്റ: വാശിയും കൊടുമ്പിരികൊള്ളുന്ന ആവേശവുമായി കമ്പക്കയറിൽ ഇതിഹാസം രചിക്കാൻ കരുത്തിന്റെ പ്രതീകമായി മലയാളി മങ്കമാരുടെ പെരുങ്കളിയാട്ടം ഇതാ തുടങ്ങുകയായി...
അനൗൺസ്മെന്റ് കേൾക്കുമ്പോൾ തന്നെ രേണുരാജ് അടക്കമുള്ള മത്സരാർഥികളുടെ മനസ്സിൽ ആവേശത്തിന്റെ തിരയിളകും. പിന്നെ കഴിച്ച ഓണസദ്യയുടെ ആലസ്യം പോലും മറന്ന് ചകിരിനാരിനാൽ കോർത്തെടുത്ത ആ വലിയ കയറിന്റെ ഒരറ്റത്ത് പിടിച്ച് അടി പതറാതെ വീറോടെ ... വാശിയോടെ ടീമിനൊപ്പം നിലയുറപ്പിക്കും...
ഓണാഘോഷത്തിന്റെ ഭാഗമായി കോട്ടയം ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ബാച്ചുകാർ തമ്മിലുള്ള വടംവലി മത്സരം അതോടെ കനക്കും. ആശുപത്രി വാർഡിലുള്ള ജോലിയെല്ലാം തീർത്ത് ഉച്ചയോടെയാണ് ആഘോഷത്തിനായി കുട്ടികൾ ഒന്നിച്ചുചേരുക. പെൺകുട്ടികൾ കേരളീയ വസ്ത്രങ്ങളും ആൺകുട്ടികൾ മുണ്ടും ഷർട്ടും ധരിച്ച് സുന്ദരികളും സുന്ദരന്മാരുമായാണ് പരിപാടിക്കെത്തുക. പൂക്കള മത്സരമടക്കമുള്ള വിവിധ പരിപാടികളും ഓണസദ്യയും കഴിച്ച് അവസാന ഇനമായ വടം വലിയാകുമ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിട്ടുണ്ടാവും.
അടുത്തത് വടംവലി മത്സരമെന്ന അനൗൺസ്മെന്റ് കേൾക്കുന്നതോടെ അവിടെയും ഇവിടെയും കുത്തിയിരുന്ന് കൊച്ചുവർത്തമാനം പറഞ്ഞവരടക്കം ആരവത്തോടെ മത്സരം കാണാൻ പാഞ്ഞെത്തും. പിന്നെ ആർപ്പുവിളിയും കൈയടിയും വലിക്ക്... വലിക്ക് എന്ന ആക്രോശങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങും. വടം വലിച്ചിട്ട് ജയിച്ചു കയറുമ്പോഴേക്കും എല്ലാവരും തളർന്നിട്ടുണ്ടാവും.
വെള്ളം കുടിച്ച് പരവശം തീർക്കുന്നവരും മറ്റുള്ളവരുടെ മടിയിൽ ചാരിക്കിടക്കുന്നവരുമായി ഒരുആശുപത്രി വാർഡിനെ അനുസ്മരിക്കുംവിധം കളിസ്ഥലം മാറിയിട്ടുണ്ടാവും.
വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വാങ്ങാനെത്തുമ്പോൾ കിട്ടുക പഴക്കുലയായിരിക്കും. അവശരായ ജേതാക്കൾ സമ്മാനം വാങ്ങി തിരിയുമ്പോഴേക്കും പിന്നെ അവിടെ ഒരു കൂട്ടആക്രമണമാണ് നടക്കുക. കളി കണ്ടു നിന്നവരും തൂണും ചാരി നിന്നവരും മൂലയിൽ കിടന്നുറങ്ങിയവരും ഒരേ ആവേശത്തിൽ പഴക്കുലക്ക് മുകളിലേക്ക് ചാടി വീഴും. ഒരു നിമിഷം കൊണ്ട് തണ്ട് മാത്രം അവശേഷിക്കും. ജേതാക്കൾക്ക് രുചിച്ച് നോക്കാൻ തൊലി പോലും ബാക്കി വെക്കാതെ മറ്റുള്ളവർ തട്ടിയെടുത്തിരിക്കും. ഇളിഭ്യരായി ജേതാക്കൾ പരസ്പരം നോക്കുമ്പോൾ കിട്ടിയ പഴം വെട്ടിവിഴുങ്ങുന്ന കാണികളുടെ ബഹളമായിരിക്കും...
വർഷങ്ങൾ കഴിഞ്ഞ് ജോലിയുടെ ഭാഗമായും അല്ലാതെയും നിരവധി ഓണാഘോഷ പരിപാടികളിൽ ഡോ. രേണുരാജ് പങ്കെടുക്കാറുണ്ട്.
വടംവലിക്ക് സമ്മാനം കൊടുക്കാൻ ക്ഷണിക്കുമ്പോൾ ഇപ്പോൾ പഴക്കുലയുമായി സംഘാടകർ എത്തുമെന്ന് വെറുതെ ഒരുമോഹം മനസിൽ പൊന്തിവരും.. പലപ്പോഴും മറ്റെന്തെങ്കിലും ആയിരിക്കും സമ്മാനം. എങ്കിലും പ്രസംഗത്തിൽ മധുരമുള്ള ഓർമകളിലൂടെ പറയും ഒരുവാഴക്കുലയാണ് സമ്മാനം നൽകേണ്ടിയിരുന്നതെന്ന്... അപ്പോൾ അറിയാതെ ഉള്ളിൽ തെളിഞ്ഞുവരും കാമ്പസിലെ വിശ്വവിഖ്യാത പഴക്കുല...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.