കൽപറ്റ: ഒന്നര വർഷത്തെ സേവനത്തിന് ശേഷം വയനാട് കലക്ടർ എ. ഗീത പടിയിറങ്ങുമ്പോൾ ജില്ലയിൽ ചുമതലയേൽക്കുന്നത് എറണാകുളം ജില്ല കലക്ടറായ രേണു രാജ്. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യം കത്തൽ വിഷയത്തില്‍ ഹൈകോടതിയുടെ താക്കീതിന് പിന്നാലെയാണ് രേണു രാജിനെ വയനാട്ടിലേക്ക് നിയമിക്കുന്നത്.
ആലപ്പുഴയിലും എറണാകുളത്തും കലക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് വയനാട്ടിലെത്തുന്നത്. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേവികുളത്ത് സബ് കലക്ടറായിരിക്കെ മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ് ഡോക്ടറായി ജോലിചെയ്യുമ്പോഴാണ് രണ്ടാം റാങ്കോടെ സിവില്‍ സര്‍വിസ് നേടുന്നത്. കഴിഞ്ഞ ജൂലൈയിലാണ് എറണാകുളത്ത് കലക്ടറായി ചുമതലയേറ്റത്. സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീരാം വെങ്കിട്ടരാമനാണ് ഭര്‍ത്താവ്.
സംസ്ഥാന റവന്യു പുരസ്കാരം നേടിയതിന് പിന്നാലെയാണ് കലക്ടർ എ. ഗീതക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. വയനാട് കലക്ടറേറ്റിന് സംസ്ഥാനത്തെ മികച്ച കലക്ടറേറ്റ് ഓഫിസിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ റവന്യു പുരസ്കാരവും ലഭിച്ചിരുന്നു.
സംസ്ഥാനതലത്തില്‍ മാതൃകയായ എ.ബി.സി.ഡി ക്യാമ്പ് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും വിജയകരമായി പൂർത്തിയാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ എ. ഗീത 2014 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമീഷണര്‍ പദവിയിലിരിക്കെയാണ് വയനാട് ജില്ല കലക്ടറായി നിയമിതയായത്. 2021 സെപ്റ്റംബര്‍ ഒമ്പതിനാണ് വയനാട്ടിൽ കലക്ടറായി ചുമതലയേറ്റത്. റിട്ട. അഡീഷനൽ ലോ സെക്രട്ടറി എസ്. ജയകുമാറാണ് ഭർത്താവ്. മകൻ ജെ. വിശ്വനാഥ് സോഫ്റ്റ് വെയർ എൻജിനീയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.