കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാൻ അവസരം. 402 ഗുണഭോക്താക്കളാണ് പട്ടിയിലുള്ളത്. ജില്ല ദുരന്തനിവാരണ അതോറിറ്റി പട്ടിക സർക്കാറിന് കൈമാറിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് അന്തിമ 2 ബി പട്ടിക കലക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, ജില്ല ഭരണകൂടത്തിന്റയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും പരിശോധിക്കാം.
അന്തിമ പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് ദുരന്ത നിവാരണ (എ) വകുപ്പില്‍ നല്‍കാമെന്ന് ജില്ല ദുരന്ത നിവാരണ വിഭാഗം ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. പുനരധിവാസത്തിന് ഇതുവരെ സമ്മതപത്രം നൽകിയത് 72 പേരാണ്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്ഡുകളിലുള്ളവരാണിവർ.
ടൗണ്‍ഷിപ്പില്‍ വീടിനായി 67 പേരും സാമ്പത്തിക സഹായത്തിനായി അഞ്ചു പേരുമാണ് സമ്മതംപത്രം നല്‍കിയത്. ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.
കൽപറ്റ: ഉരുൾദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടിട്ടും സജീവമായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മുണ്ടക്കൈയിലെ സാമൂഹികപ്രവർത്തക ഷൈജ ബേബിയും ഒടുവിൽ പുനരധിവാസ പട്ടികയിൽ. ഉരുൾപൊട്ടൽ ദിവസം രാവിലെ മുതൽ മേപ്പാടി ആരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാതെ സന്നദ്ധ പ്രവർത്തകർ ബുദ്ധിമുട്ടിയപ്പോൾ, ഷൈജ ബേബിയാണ് സഹായത്തിനെത്തിയത്.
മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ 16 വർഷമായി ആശാ പ്രവർത്തകയാണ്. ചൂരൽമല ദുരന്താനന്തരം നടത്തിയ പ്രവർത്തനങ്ങൾ സാമൂഹ്യ സേവനത്തിനുള്ള കേരളശ്രീ പുരസ്കാരത്തിന് ഷൈജയെ അർഹയാക്കിയിരുന്നു. എന്നാൽ, പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് പദ്ധതിക്കുള്ള മുൻ പട്ടികയിൽ ഇവർ ഉൾപ്പെടാത്തത് പ്രതിഷേധത്തിനിടയാക്കി.
സി.പി.ഐ പ്രവർത്തകയാണ് ഷൈജ. ഇവരെ ഒഴിവാക്കിയതിൽ സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബുവും വിമർശനമുന്നയിച്ചിരുന്നു. അന്തിമ പട്ടിക പുറത്തുവന്നപ്പോഴാണ് ഷൈജ ബേബി ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.