കൽപറ്റ: മാലിന്യ സംസ്കരണ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നഗരസഭയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കൂട്ടിയിട്ടതായും മാലിന്യങ്ങള്‍ അശാസ്ത്രീയമായി കത്തിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് 5000 രൂപ പിഴ ചുമത്തി.
മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് ജില്ലയില്‍ പരിശോധന ശക്തമാക്കുന്നത്. മാലിന്യം തരംതിരിച്ച് കൈമാറാതിരിക്കൽ, യൂസര്‍ഫീ നല്‍കാത്തത്, പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കൽ എന്നിവക്ക് 1000 മുതല്‍ 10,000 രൂപ വരെ പിഴയീടാക്കും. പൊതുസ്ഥലങ്ങള്‍, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കിവിട്ടാല്‍ 5000 മുതല്‍ 50,000 രൂപ വരെയും പിഴ നല്‍കണം.
കടകള്‍, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപയും ജലാശയങ്ങളില്‍ വിസർജന വസ്തുക്കൾ, മാലിന്യങ്ങൾ എന്നിവ ഒഴുക്കിയാല്‍ 10,000 മുതല്‍ 50,000 രൂപ വരെയും പിഴ ഈടാക്കും.
എന്‍ഫോഴ്സ്മെന്റ് ടീം ലീഡര്‍ ഷൈനി ജോര്‍ജ്, അംഗങ്ങളായ കെ.എ. തോമസ്, കെ.ബി. നിധി കൃഷ്ണ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍. ബിന്ദു മോള്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബിച്ചന് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.