കൽപറ്റ: സ്കൂൾ തുറക്കാൻ പത്തുദിവസം മാത്രം ശേഷിക്കേ സ്കൂൾ വിപണി സജീവമായി. പുത്തൻ ട്രെൻഡുകളുമായി കുട്ടികളെ ആകർഷിക്കാനുള്ളതൊക്കെ വിപണിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനം വരെയാണ് ഇത്തവണ സ്കൂൾ വിപണയിൽ വില വർധിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിപണിയിൽ വിലകൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ബ്രാൻഡ് അനുസരിച്ച് ബാഗിന് 400-2,500 രൂപയാണ് വില. ബാഗുകൾ 350 രൂപ മുതൽ ലഭ്യമാണ്. ആനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്കു മുകളിലാണ് വില. ഇതിനാണ് കൂടുതൽ ഡിമാൻഡും. സ്പൈഡർമാന്റെയും ഡോറയുടെയും ബാർബിയുടെയും ചിത്രങ്ങൾ പതിച്ച ബാഗുകളോടാണ് കുട്ടികൾക്ക് കൂടുതൽ താൽപര്യം. കുടകൾ, സൈഡ് ബാഗുകൾ, ക്രോക്സിന്റെ ചെരിപ്പ് തുടങ്ങി കാലൻ കുടവരെ സ്കൂൾ വിപണി കീഴടക്കിയിട്ടുണ്ട്.
മേയ് ആദ്യവാരം മുതൽത്തന്നെ ജില്ലയിൽ സ്കൂൾവിപണി സജീവമായിത്തുടങ്ങിയിരുന്നു. മേയ് പകുതിയോടെ തിരക്കേറിത്തുടങ്ങി. ബാഗും കുടയും ചെരിപ്പും നോട്ടുബുക്കുകളും ലഞ്ച് ബോക്സുമെല്ലാം വാങ്ങാനുള്ള തിരക്കാണ് കടകളിൽ. ബാഗ്, കുട വിപണി ഉണർന്നെങ്കിലേ വ്യാപാരിയുടെ കീശ നിറയൂ. ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗാരന്റിയും ഉപഭോക്താക്കളെ ആകർഷിക്കും. വർണക്കുടകളും സൂപ്പർഹീറോകളുടെയും കാർട്ടൂൺ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം കടകളിൽ നിറഞ്ഞാടുന്നുണ്ട്.
കളിക്കുടയിൽ തുടങ്ങി കാലൻകുടയിൽ എത്തിനിൽക്കുന്നതാണ് കുടവിപണി. ചെറിയ കുട്ടികൾക്കാകട്ടെ വർണക്കുടകളോടാണ് പ്രിയം. അതും ഇഷ്ട കാർട്ടൂൺകഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ചതാണെങ്കിൽ ഇരട്ടി സന്തോഷം. സ്കൂളിലൊന്നും പോകുന്നില്ലെങ്കിലും സ്കൂൾസാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുഞ്ഞുകുട്ടികൾക്കു വേണ്ടി കളിക്കുടകളും വിപണിയിലുണ്ട്. പലനിറങ്ങളിൽ ചിത്രങ്ങൾ പതിച്ച കൊമ്പൊക്കെയുള്ള കുഞ്ഞുകുടകളാണ് കളിക്കുടകൾ. കുടകളുടെ വില 300ലാണ് തുടങ്ങുന്നത്. വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്സ് എന്നിവക്ക് യഥാക്രമം 200, 150 എന്നിങ്ങനെയാണു കുറഞ്ഞവില. സ്കൂൾ വിപണിയിൽ ത്രീഫോൾഡ് കുടകൾക്കാണ് കൂടുതൽ ആവശ്യക്കാർ. കോളജ് കുമാരന്മാർക്കാണ് കാലൻ കുടകളോട് കൂടുതൽ താൽപര്യം. ടു ഫോൾഡ് കുടകൾക്കാകട്ടെ വലിയ ഡിമാൻഡില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വാട്ടർ ബോട്ടിൽ പ്ലാസ്റ്റിക്കിന്റെയും സ്റ്റീലിന്റെയും വിപണയിൽ എത്തിയിട്ടുണ്ട്.
മഴക്കാലം കൂടി പരിഗണിച്ച് ചൂടുനിൽക്കുന്ന വാട്ടർ ബോട്ടിലിനാണ് കൂടുതൽ ആവശ്യക്കാർ. നോട്ട്ബുക്കിന് 30 മുതൽ മുകളിലേക്കാണു വില. പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് തുടങ്ങി സകലതിനും വില കൂടി. അഞ്ചുരൂപയുടെ പേനക്ക് ഒരു രൂപ വർധിച്ചു. നോട്ട് ബുക്കുകളിൽ ബ്രാൻഡിന് അനുസരിച്ചു വില കൂടും. പുതിയ ബാഗ്, കുട, ചെരിപ്പ്, ഉടുപ്പ് ഇതെല്ലാമായി പുതിയ ക്ലാസിലേക്കു ഓടിയെത്താനുള്ള തയാറെടുപ്പിലാണ് കുരുന്നുകൾ. മാതാപിതാക്കളാകട്ടെ മക്കൾക്ക് ഒരു കുറവും വരുത്താതെ സ്കൂളിലേക്ക് അയക്കാനുള്ള തത്രപ്പാടിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.