കൽപറ്റ: സാന്ത്വനത്തിന്റെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബശ്രീയുടെ സ്നേഹിത ജെന്‍ഡര്‍ ഹെൽപ് ഡെസ്ക്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ കൗണ്‍സലിങ്, നിയമപിന്തുണ, ബോധവത്കരണ ക്ലാസുകള്‍, അതിജീവന പിന്തുണ സഹായങ്ങള്‍, താൽക്കാലിക അഭയം, പുനരധിവാസ സഹായം തുടങ്ങിയ സേവനങ്ങളാണ് കല്പറ്റയില് പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെൽപ് ഡെസ്ക് ഉറപ്പുനല്‍കുന്നത്. ഇതുവരെ 5300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 854 പേര്‍ക്ക് അഭയം നല്കി. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, മാനസിക സമ്മര്‍ദം, സ്വത്ത് തര്‍ക്കം, മൊബൈല്‍ അഡിക്ഷന്, സാമ്പത്തിക വഞ്ചന, കുട്ടികളുടെ പഠന -പെരുമാറ്റ പ്രശ്നങ്ങള്‍ തുടങ്ങി സ്നേഹിതയിലൂടെ പരിഹരിച്ച പ്രശ്നങ്ങള്‍ നിരവധിയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യ നിയമ സഹായവും മാനസിക പിന്തുണയും നല്‍കുന്നുണ്ട്. രാത്രിയില്‍ ഒറ്റക്കും പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്കും ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാം.
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തും.
അഞ്ച് സേവനദാതാക്കള്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സെക്യൂരിറ്റി ഓഫിസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫിസ് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് സ്നേഹിത.
സ്നേഹിതയുടെ കീഴില്‍ മാനന്തവാടി ബ്ലോക്കില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് പദ്ധതിയുമുണ്ട്.
04936 202033, 18004252776 എന്നീ നമ്പറുകളില്‍ സ്നേഹിതയിലേക്കു വിളിക്കാം. ലീഗല്‍ ക്ലിനിക് സ്നേഹിതയിലെത്തുന്ന പരാതികളില്‍ നിയമസഹായം ആവശ്യമായ കേസുകള്‍ക്ക് സൗജന്യ നിയമ സഹായവും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.