കൽപറ്റ: വയനാടിന്റെ പ്രതീക്ഷകളൊന്നും ഇത്തവണത്തെ ബജറ്റിലും പൂവണിഞ്ഞില്ല. ജില്ലയിൽ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകൾക്കായി കാര്യമായി തുക വകയിരുത്തുകയോ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുകയോ ചെയ്യാത്ത ബജറ്റായി കെ.എൻ. ബാലഗോപാലിന്റെ ബജറ്റും മാറി.
ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കൊപ്പം വയനാടിനെ പ്രത്യേക വികസന പാക്കേജിലുള്‍പ്പെടുത്തി 75 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പേ മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് പ്രഖ്യാപനം മാത്രമായി അവശേഷിക്കുമ്പോഴാണ് വീണ്ടും മറ്റൊരു പാക്കേജുമായി സർക്കാറെത്തുന്നത്.
• വയനാട് സർക്കാർ മെഡിക്കൽ കോളജ്, വയനാട് ചുരം വികസനം, ബദൽ പാതകൾ തുടങ്ങി ജില്ല രൂപവത്കരിച്ചതുമുതൽ ആവശ്യപ്പെട്ട കാര്യങ്ങൾ ഇത്തവണയും അവഗണിച്ചു. വയനാട്ടിൽ സർക്കാറിന് കീഴിൽ മികച്ച ചികിത്സ കേന്ദ്രമെന്ന ആവശ്യത്തോട് സർക്കാർ മുഖംതിരിച്ചു.
• മാനന്തവാടിയിലെ ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല.
• അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന വയനാടൻ ജനതയുടെ പ്രതീക്ഷകൾ ഈ ബജറ്റിലും വെളിച്ചംകണ്ടില്ല. വെറും പാക്കേജ് മാത്രം പ്രഖ്യാപിച്ചുള്ള ബജറ്റിനെതിരെ ജില്ലയിൽ പ്രതിഷേധം ഉയരുമ്പോൾ ഭാവി വികസനം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്നാണ് സർക്കാർ പറയുന്നത്.
• വന്യമൃഗ ശല്ല്യത്തിന് പരിഹാരം കാണാന്‍ 50.85 കോടി വകയിരുത്തിയത് മാത്രമാണ് വയനാടിന് ആശ്വാസം നൽകുന്ന പ്രഖ്യാപനം.
• വന്യജീവി സംഘർഷം രൂക്ഷമായ വയനാട്ടിൽ ഈ തുക ഫലപ്രദമായി ഉപയോഗിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ, ഈ തുക അപര്യാപ്തമാണെന്നാണ് ആക്ഷേപം.
• എയർസ്ട്രിപ്പെന്ന സ്വപ്നം വയനാട്ടുകാർ മറന്നതാണെങ്കിലും അതിനായി പഠനം നടത്തുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷ നൽകുന്നു. അരിവാള്‍ രോഗികളുടെ ക്ഷേമത്തിന് 2.5 കോടി പ്രഖ്യാപിച്ചത് ആശ്വാസമാണ്.
മുന്‍പ് പ്രഖ്യാപിച്ച സൗജന്യ ചികിത്സയും പെന്‍ഷനും മുടങ്ങിയിട്ട് മാസങ്ങളായി. അതിനിടയിലാണ് കേന്ദ്ര ബജറ്റില്‍ സിക്കിള്‍സെല്‍ അനീമിയ നിര്‍മാര്‍ജ്ജനത്തിന് നടപടികള്‍ കൈകൊള്ളുമെന്ന് പ്രഖ്യാപനം ഉണ്ടായത്.
പട്ടികവര്‍ഗ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലിയെന്ന പ്രഖ്യാപനവും കാര്യക്ഷമമായി നടപ്പാക്കുമോയെന്ന് കണ്ടറിയണം.
മെഡിക്കല്‍ കോളജിനോട് അനുബന്ധമായി നഴ്സിങ് കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം മന്ത്രി എന്തിന് നടത്തിയെന്ന ചോദ്യവും അവശേഷിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പി.കെ ജയലക്ഷ്മി മന്ത്രിയായിരിക്കെ പ്രഖ്യാപിക്കുകയും കെട്ടിട നിർമാണം ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്ത നഴ്സിങ് കോളജാണ് വീണ്ടും ബജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ ആസ്പിരേഷണല്‍ ജില്ലകള്‍ക്ക് പ്രഖ്യാപിച്ച 150 നഴ്സിങ് കോളജുകളില്‍ ഒന്നാണോ സംസ്ഥാന സര്‍ക്കാർ ബജറ്റിലുള്‍പ്പെടുത്തി പ്രഖ്യാപിച്ചതെന്ന സംശയവുമുണ്ട്.
കൊയിലേരി-പയ്യമ്പള്ളി റോഡിന് രണ്ട് കോടി അനുവദിച്ചതും കേളോംകടവില്‍ പുതിയപാലം നിര്‍മിക്കാന്‍ എട്ടുകോടി രൂപയും അനുവദിച്ചതും ആശ്വാസമാണ്.
കാരാപ്പുഴ, ബാണാസുരസാഗർ പദ്ധതികള്‍ കേട്ടുമടുത്ത പ്രഖ്യാപനങ്ങളിലൊന്ന് മാത്രമാണ്. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിക്കായി 1.10 കോടി രൂപ, തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ എന്നിവയും വയനാടിന് പ്രതീക്ഷയേകുന്നു.
കാരപ്പുഴയില്‍ നടപ്പാക്കുന്ന പ്രവൃത്തിയുടെ വകയിരുത്തല്‍ 17 കോടിയില്‍നിന്ന് 20 കോടിയായും ബാണാസുരസാഗറില്‍ നടപ്പാക്കുന്ന പദ്ധതിയുടെ തുക 12 കോടിയില്‍നിന്ന് 18കോടിയായും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലും വയനാട് പാക്കേജിൽ 75 കോടി രൂപ അനുവദിച്ചത് മുൻ പാക്കേജിന്റെ തുടർ നടപടികൾക്ക് വേണ്ടിയായിരുന്നു. ജില്ല രൂപവത്കരച്ചിട്ട് 42 വർഷം പിന്നിടുമ്പോഴും ഈ ബജറ്റിലും നിരവധി ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.