കൽപറ്റ: ജില്ലയിൽ ചൂളൻ എരണ്ട പക്ഷികളുടെ എണ്ണം കുറയുന്നതായി നീർപക്ഷി സർവേയിൽ കണ്ടെത്തൽ. ഏഷ്യൻ നീർപക്ഷി സെൻസസിന്റെ ഭാഗമായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും വയനാട് സാമൂഹിക വനവത്കരണ വിഭാഗവും ഫോറസ്ട്രിയും സംയുക്തമായാണ് ജില്ലയിൽ നീർപക്ഷി സർവേ സംഘടിപ്പിച്ചത്.
കാരാപ്പുഴ റിസർവോയർ കമീഷൻ ചെയ്ത ശേഷം കുന്നുകളോട് ചേർന്നുള്ള ആഴംകുറഞ്ഞ ജലാശയങ്ങൾ നിരവധി ജലപക്ഷികൾക്ക് വളരാനും പ്രജനനം നടത്താനും അനുയോജ്യമായ ആവാസ വ്യവസ്ഥയായി രൂപപ്പെട്ടുവന്നിരുന്നു. അതിനാൽ ചൂളൻ എരണ്ടകൾക്കും മറ്റു നീർപക്ഷികൾക്കും ഈ പ്രദേശം വിഹാരകേന്ദ്രമായി മാറിയിരുന്നു.
എന്നാൽ, നിലവിലെ സർവേ വിരൽചൂണ്ടുന്നത് ചൂളൻ എരണ്ടയുടെ എണ്ണത്തിൽ വന്നിട്ടുള്ള കുത്തനെയുള്ള ഇടിവിലേക്കാണ്. കാരാപ്പുഴ ഡാം പരിസരം കേന്ദ്രീകരിച്ച് എട്ട് ചൂളൻ എരണ്ടകളെ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.
2022ൽ നടന്ന നീർപക്ഷി സർവേയും സമാനമായ നിരീക്ഷണങ്ങളിൽ തന്നെയായിരുന്നു എത്തിച്ചേർന്നിരുന്നത്. വയനാട്ടിലെ നീർപക്ഷികളെ സംബന്ധിച്ച ആധികാരിക അറിവുകളിലേക്ക് ജനങ്ങളെ നയിക്കുന്നതോടൊപ്പം കാലാവസ്ഥ മാറ്റം ഏതൊക്കെ തരത്തിൽ ഭൂമിയുടെ വൃക്കകളായി കണക്കാക്കപ്പെടുന്ന നീർത്തടങ്ങളെ ബാധിച്ചുവെന്നും സർവേ വിലയിരുത്തുന്നു.
ജില്ലയിൽ ചെറുനീർത്തടങ്ങൾ ഇല്ലാതാക്കുന്നതും വേട്ടയാടുന്നതും പക്ഷികളുടെ എണ്ണത്തിൽ ഇടിവുവരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നീർത്തടങ്ങൾ ഇല്ലാതാവുന്നതോടെ നശിക്കുന്നത് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ കൂടിയാണ്.
ബാണാസുര അണക്കെട്ട്, കാരാപ്പുഴ, ആറാട്ടുതറ, വള്ളിയൂർ കാവ്, പനമരം നെൽവയലുകൾ എന്നിവിടങ്ങളെയും വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ രണ്ടു നീർത്തടങ്ങളെയും കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ 16 ഓളം പക്ഷി നിരീക്ഷകർ പങ്കെടുത്തു.
സർവേയിലൂടെ ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്താനായത് 135 ഇനത്തോളം പക്ഷികളെയാണ്. ഇവയിൽ 47 സ്പീഷിസുകളെയാണ് നീർപക്ഷികളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നത്. സർവേയിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞ 1621 പക്ഷികളിൽ 320 എണ്ണവും വെള്ള അരിവാൾ കൊക്കാണ്.
ഈ സ്പീഷീസിൽപ്പെടുന്ന നീർപക്ഷികളെയാണ് ഏറ്റവും കൂടുതലായി സർവേയിലൂടെ കണ്ടെത്തിയിട്ടുള്ളത്. വെള്ള അരിവാൾ കൊക്കിന് പുറമേ 100 കാലിമുണ്ടികളെയും കണ്ടെത്താൻ സാധിച്ചു. ആറാട്ടുതറ, പനമരം മേഖലകളെ കേന്ദ്രീകരിച്ചാണ് കാലിമുണ്ടികൾ പ്രധാനമായും നിരീക്ഷിക്കപ്പെട്ടത്.
ആറാട്ടുതറ പാടശേഖരങ്ങളെ കേന്ദ്രീകരിച്ച് 30ഓളം ആറ്റുമണൽകോഴികളെ നിരീക്ഷിക്കാനായത് നിർണായകവും അപൂർവവുമായ കണ്ടെത്തലാണെന്ന് നിരീക്ഷകർ അടയാളപ്പെടുത്തുന്നു. പനമരം കേന്ദ്രീകരിച്ചു നടത്തിയ സർവേയിലൂടെ കണ്ടെത്തിയ ചെന്തലയൻ അരിവാൾകൊക്കനും വയനാട് സങ്കേതത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞ രണ്ട് വയൽ നായിക്കനും സർവേയിലെ പ്രധാന ആകർഷണങ്ങളിൽപെട്ടതായിരുന്നു.
ജില്ലയിലെ വിവിധ പക്ഷിനിരീക്ഷകരെ ഉൾപ്പെടുത്തി നടത്തിയ വിപുലമായ സർവേക്ക് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസർ ഹരിലാൽ (സാമൂഹിക വനവത്കരണ വിഭാഗം, വയനാട്), ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ഡോ. ആർ.എൽ. രതീഷ് (വെറ്ററിനറി കോളജ്, പൂക്കോട്) എന്നിവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.