എം.​ജെ. ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക ജി​ല്ല സ്റ്റേ​ഡി​യം

സ്റ്റേഡിയവും സൗകര്യങ്ങളും മികച്ചത്; വേണ്ടത് വിദഗ്ധ പരിശീലനം

കൽപറ്റ: വയനാട് ജില്ലയുടെ ചരിത്രത്തിലാദ്യമായി ജില്ല സ്കൂൾ കായികമേള സിന്തറ്റിക് ട്രാക്കിൽ വിജയകരമായി പൂർത്തിയായതോടെ ഭാവിയിൽ ദേശീയ, അന്തർദേശീയ താരങ്ങളെ വാർത്തെടുക്കുന്നതിനായി ഇനി വേണ്ടത് വിദഗ്ധ പരിശീലനത്തിനുള്ള സ്ഥിരം സംവിധാനം.

400 മീറ്റർ സിന്തറ്റിക് ട്രാക്കോടെയുള്ള മരവയലിലെ ജില്ല സ്റ്റേഡിയത്തിൽ ഒാരോ സ്കൂളിലെയും മികച്ച താരങ്ങളെ കണ്ടെത്തി അവർക്കായി അവധിക്കാല ക്യാമ്പുകൾ ഉൾപ്പെടെ നൽകുന്നതിനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

ജില്ല സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ജില്ല സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ സ്കൂൾ ടീമുകളെല്ലാം തന്നെ സംതൃപ്തരാണ്. ഡിസംബർ മൂന്ന് മുതൽ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുക.

ഇതിനു മുന്നോടിയായി സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ താരങ്ങളുമായുള്ള ജില്ല ടീമിന് മരവയലിലെ സിന്തറ്റിക് ട്രാക്കിൽ ഏറ്റവും ചുരുങ്ങിയത് അഞ്ചോ നാലോ ദിവസത്തെ പ്രത്യേക ക്യാമ്പ് നൽകണം. ഇത്തരത്തിൽ ക്യാമ്പ് നടത്തുന്നത് സിന്തറ്റിക് ട്രാക്കിൽ കൂടുതൽ മത്സര പരിചയം ലഭിക്കുന്നതിനും മികച്ച പ്രകടനം നടത്തുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന ജില്ല ടീമിന് നിലവിൽ ജി.എച്ച്.എസ്.എസ് പനമരത്താണ് ക്യാമ്പ് നടത്താൻ ആലോചിച്ചിട്ടുള്ളത്. എന്നാൽ, ജില്ല സ്പോർട്സ് കൗൺസിൽ ഉൾപ്പെടെ ജില്ല സ്റ്റേഡിയത്തിൽ പ്രത്യേക ഫീസൊന്നുമില്ലാതെ ജില്ല ടീമിന് ക്യാമ്പിനുള്ള അനുമതി നൽകാമെന്നറിയിച്ച സാഹചര്യത്തിൽ ഇക്കാര്യവും അധികൃതർ സജീവമായി പരിഗണിക്കുന്നുണ്ട്.

അധികം വൈകാതെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആയേക്കുമെന്നാണ് വിവരം. മൺട്രാക്കിലെ പരിശീലനത്തേക്കാൾ എന്തുകൊണ്ടും സിന്തറ്റിക് ട്രാക്കിലെ പരിശീലനമായിരിക്കും കായികതാരങ്ങൾക്ക് ഗുണം ചെയ്യുക എന്നതിനാൽ തന്നെ മരവയലിൽ ക്യാമ്പ് നടത്തണമെന്നാണ് ജില്ല സ്കൂൾ കായികമേളയിൽ മികച്ച നേട്ടം കൊയ്ത സ്കൂളുകളിലെ കായികാധ്യാപകർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.

നിലവിൽ ജില്ല സ്പോർട്സ് ഹോസ്റ്റലിലെ താരങ്ങളാണ് ജില്ല സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നത്. സംസ്ഥാന സ്കൂൾ മീറ്റ് കഴിഞ്ഞാലും ജില്ലയിൽനിന്നുള്ള പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിനായി ജില്ല സ്റ്റേഡിയത്തിലെ മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി സർക്കാർ തലത്തിലുള്ള ഇടപെടലും അതിനുള്ള ഫണ്ടുകളും ലഭ്യമാക്കേണ്ടതുണ്ട്.

ജില്ല മീറ്റും സംസ്ഥാന മീറ്റും കഴിഞ്ഞാൽ പിന്നീട് എല്ലാം പഴയതുപോലെയാകുന്ന അവസ്ഥയിലേക്ക് മാറാതെ ജില്ല സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ പോസിറ്റിവായി കണ്ടുകൊണ്ട് തുടർ ക്യാമ്പുകൾ ആരംഭിക്കാൻ അധികൃതർ നടപടിയെടുക്കണം. ജില്ല സ്റ്റേഡിയത്തിൽ പ്രത്യേക ടോയ്ലറ്റ് കോംപ്ലക്സ്, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളുമുള്ളതിനാൽ ക്യാമ്പ് നടത്തുന്നതിനും മറ്റു ബുദ്ധിമുട്ടുകളില്ല.

രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് ജില്ല കായികമേള നടന്നത്. അതിനാൽ പരിശീലനത്തിന്‍റെ കുറവുമൂലം മുൻകാലങ്ങളിൽ നേട്ടം കൊയ്ത പല സ്കൂളുകളും ഇത്തവണ ഏറെ പിന്നിലായി. പരിമിതികൾക്കിടയിൽനിന്നുകൊണ്ട് കാട്ടിക്കുളം സ്പോർട്സ് അക്കാദമിയുടെയും ജി.എം.ആർ.എസ് കൽപറ്റയുടെയും ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയുടെയും താരങ്ങൾ ജില്ല മീറ്റിൽ മികച്ച നേട്ടമുണ്ടാക്കിയത് മറ്റു സ്കൂളുകൾക്കും മാതൃകയാക്കാവുന്നതാണ്.

ക്യാമ്പ് സംബന്ധിച്ച് ചർച്ച നടക്കുന്നു

നിലവിൽ പനമരത്താണ് ജില്ല ടീമിനിന് നാലു ദിവസത്തെ ക്യാമ്പ് നടത്താൻ നേരത്തെ തീരുമാനിച്ചിട്ടുള്ളതെന്നും മരവയലിലെ ജില്ല സ്റ്റേഡിയത്തിൽ ഫീസൊന്നുമില്ലാതെ ക്യാമ്പ് നടത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും റവന്യു ജില്ല ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറി ബിജുഷ് കെ. ജോർജ് പറഞ്ഞു.

നവംബർ 25, 26, 27, 28 തീയതികളിലായി സംസ്ഥാന സ്കൂൾ കായികമേളക്കുള്ള ജില്ല ടീമിന് ക്യാമ്പ് നൽകാനാണ് തീരുമാനം. ക്യാമ്പ് എവിടെ നടത്തണമെന്നത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പ് നടത്തുന്നതിന് സന്നദ്ധം

ജില്ല സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന ജില്ല ടീമിന് ഫീസില്ലാതെ പ്രത്യേക പരിശീലന ക്യാമ്പ് നടത്തുന്നതിന് സ്പോർട്സ് കൗൺസിൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ജില്ലയിലെ കായികതാരങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എം. മധു പറഞ്ഞു.

Tags:    
News Summary - synthetic stadium -Expert training is required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.