കളിചിരികളുടെ മധ്യ വേനലവധിക്കുശേഷം കുട്ടികൾ ഇന്ന് വീണ്ടും സ്കൂളിലെത്തുന്നു. അവർക്കുവേണ്ട സൗകര്യങ്ങൾ ബന്ധപ്പെട്ടവർ ഒരുക്കിയോ, സുരക്ഷിതമാണോ സ്കൂൾ കെട്ടിടങ്ങൾ, പരിസരങ്ങൾ, വഴികൾ ... ജില്ലയിലെ സ്കൂളുകളിലൂടെ ‘മാധ്യമം’ നടത്തിയ യാത്ര...
കൽപറ്റ: വേനലവധിക്കുശേഷം വിദ്യാലയങ്ങളിൽ ഇന്ന് വീണ്ടും മണിമുഴങ്ങും. ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ജില്ലയിലെ മിക്ക സ്കൂളുകളിലും മുന്നൊരുക്കങ്ങൾ ഞായറാഴ്ചയോടെ പൂർത്തിയായിക്കഴിഞ്ഞു. സ്കൂൾ ബസുകൾ വിവിധ ആർ.ടി.ഒ ഓഫിസുകൾക്കു കീഴിൽ പരിശോധനക്കു വിധേയമാക്കി.
സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള മോട്ടർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളും പൂർത്തിയായി. പാഠപുസ്തക വിതരണം, സൗജന്യ കൈത്തറി യൂനിഫോം വിതരണം എന്നിവയെല്ലാം പുരോഗമിക്കുകയാണ്. ആദ്യമായി എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ മിക്ക സ്കൂളുകളും വർണാഭമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മേപ്പാടി: കാട്ടാനയും പുലിയും കാട്ടു പോത്തും കാട്ടുപന്നിയും ഇടക്കിടെ സന്ദർശനം നടത്താറുള്ള ചെമ്പ്രയിലെ എരുമക്കൊല്ലി ഗവ. യു.പി സ്കൂളിന് ഇനിയും ശാപമോക്ഷമായില്ല. വന്യമൃഗപ്പേടിയിൽ പിഞ്ചു കുട്ടികൾ ഈ അധ്യയന വർഷവും തള്ളിനീക്കണമെന്നതാണ് സ്ഥിതി. സ്കൂൾ താഴെ എരുമക്കൊല്ലിയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനമുണ്ടായിരുന്നു.
നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലം എസ്റ്റേറ്റിന് വിട്ടുകൊടുക്കുകയും പകരം താഴെ എരുമക്കൊല്ലിയിൽ പുതിയ കെട്ടിടം നിർമിക്കാൻ എസ്റ്റേറ്റ് ഭൂമി വിട്ടു കൊടുക്കാം എന്ന തരത്തിലായിരുന്നു തീരുമാനം. 2023 ജൂലായിൽ സ്കൂളിന്റെ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ, സ്ഥലം കൈമാറ്റം, കെട്ടിടം നിർമിക്കുന്നതിന്റെ സർക്കാർ തല നടപടിക്രമങ്ങൾ എല്ലാം മുറ പോലെ ആയതിനാൽ ഒന്നും എവിടെയുമെത്തിയില്ല.
ഇപ്പോൾ നിലവിലുള്ള പഴയ കെട്ടിടത്തിലെ ക്ലാസ് മുറികളിൽ തന്നെ ഈ അധ്യയന വർഷവും പൂർത്തീകരിക്കേണ്ട സാഹചര്യമാണ് അധ്യാപകർക്കും കുട്ടികൾക്കും. രണ്ടു ക്ലാസ് മുറികൾക്ക് ഫിറ്റ്നസ് ഇല്ലാത്തതിനാൽ കുട്ടികളെ പുറത്തും വരാന്തയിലുമൊക്കെയിരുത്തി ക്ലാസ്സെടുത്താണ് കഴിഞ്ഞ വർഷം തള്ളിവിട്ടത്.
ഈ അധ്യയന വർഷത്തിലും 40ൽപരം കുട്ടികൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. പുറമെ തോട്ടം പണിക്ക് വന്ന അതിഥി തൊഴിലാളികളുടെ മക്കളും കുറച്ചുപേരുണ്ടാകും. ആനപ്പേടിയിൽ കഴിയുന്ന ഇവിടത്തെ കുട്ടികൾക്ക് എന്നാണ് മോക്ഷം കിട്ടുകയെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
വെള്ളമുണ്ട: സ്കൂളുകളിലെ ഓട്ടയടക്കലും കാട് വെട്ടലും പ്രഹസനമെന്ന് പരാതി. കാട് മൂടിയ പ്രദേശത്തിനരികിലെ കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ക്ലാസ് റൂമുകളും വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയുയർത്തുമ്പോഴും നടപടികൾ കാട്ടിക്കൂട്ടലാവുകയാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ മാത്രം നിരവധി വിദ്യാലങ്ങളാണ് സുരക്ഷിതമല്ലാത്ത നിലയിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്.
മൂന്ന് ഭാഗവും കാടു മൂടിയ സ്ഥലത്തോട് ചേർന്ന കെട്ടിടങ്ങൾ നിരവധിയാണ്. പല വിദ്യാലയങ്ങളിലും മുറ്റവും വഴിയു മടക്കം കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. താത്കാലികമായി കാട് വെട്ടിമാറ്റുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
സുരക്ഷിതമല്ലാത്ത ക്ലാസ് റൂമുകൾ ആര് നന്നാക്കണമെന്ന തർക്കത്തിലാണ് പല സ്കൂളുകളിലും അധികൃതർ. കാലപ്പഴക്കമുള്ള ചുമരും തറയും പ്രൈമറി വിദ്യാലയങ്ങളുടെ സ്ഥിരം കാഴ്ചയാണ്. പെരുച്ചായി കുഴിച്ച വലിയ ഓട്ടയുള്ള ക്ലാസ് റൂമുകൾ ഇപ്പോഴും ഈ തർക്കത്തിനിടയിൽ പഴയപടി നിലനിൽക്കുന്നു.
അപകട ഭീഷണിയിലുള്ള കെട്ടിടങ്ങൾ നന്നാക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് രക്ഷിതാക്കൾ ബാലാവകാശ കമീഷനടക്കം പരാതി നൽകിയ സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ സ്കൂളിലെത്തി അന്വേഷണം നടത്താൻ പോലും അധികൃതർ തയാറായില്ല. കഞ്ഞിപ്പുരയോട് ചേർന്ന് മൂത്രപ്പുരയും ക്ലാസ് മുറികളും പരിസരവും ഇഴജന്തുക്കളുടെ വാസ കേന്ദ്രമാവുമ്പോഴും ആത്മാർഥമായ നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അംഗൻവാടികളിലെയും ക്ലാസ് മുറികളില്‍ ബന്ധപ്പെട്ടവര്‍ മതിയായ പരിശോധന നടത്തി പൊട്ടി പൊളിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ അടിയന്തരമായി നന്നാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടർ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കാടു വെട്ടൽ മാത്രമാണ് ഉണ്ടാകുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ അതത് പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പലരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്ക് മുറപോലെ ഫിറ്റ്നസ് നൽകുന്ന അധികൃതർ തന്നെ അന്വേഷണം നടത്തുമ്പോൾ അതിൽ എത്രത്തോളം ആത്മാർഥത ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
ഏതു നിമിഷവും തകർന്നുവീഴാൻ പാകത്തിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങൾക്കടക്കം ഉന്നതർ ഇടപെട്ട് ഫിറ്റ്നസ് നൽകിവരുന്നുമുണ്ട്.
പൊഴുതന: അപകടാവസ്ഥയിലായ അച്ചൂർ സ്കൂൾ ഇരുമ്പ് പാലം നന്നാക്കാൻ നടപടിയില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന പാലമാണിത്. പാലത്തിന്റെ കൈവരികൾ തുരുമ്പെടുത്തു.
പാലത്തിന്റെ വീതിക്കുറവും കാലപ്പഴക്കവും മൂലം ഭീതിയോടെയാണ് യാത്രക്കാർ മറുകര എത്തുന്നത്. പാലത്തിന്റെ അടിയിലെ ബീമുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. വർഷകാലത്ത് പാലത്തിനു മുകളിൽ വരെ വെള്ളം കയറാറുണ്ട്.
പാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് സ്കൂളിലെ ഒരുപറ്റം വിദ്യാർഥികൾ രാഹുൽഗാന്ധി എം.പിക്ക് നിവേദനം നൽകിയിരുന്നു. 2023 വർഷത്തിൽ രാഹുൽ ഗാന്ധി എം.പി അച്ചൂർ മുതൽ കമ്മടംകുന്ന് വഴി പിണങ്ങോട് വരെയുള്ള റോഡ് നിർമാണത്തിന് മൂന്ന് കോടി അനുവദിക്കുകയും ചെയ്തിരുന്നു.
വർഷം കഴിയും തോറും ബലക്ഷയം സംഭവിക്കുന്ന പാലത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കല്പറ്റ: വീണ്ടുമൊരു അധ്യയന വര്ഷമാരംഭിക്കാനൊരുങ്ങുമ്പോള് വിദ്യാർഥികളെ ലഹരിക്കെണിയില്പ്പെടാതെ കാക്കാന്‍ വയനാട് പൊലീസ് ശ്രമങ്ങളാരംഭിച്ചു. ആദ്യപടിയായി ജില്ലയില്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
മൂന്ന് ദിവസങ്ങളിലായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 356 കടകളിലാണ് പരിശോധന നടത്തിയത്. 10 കടകളില്‍ നിന്ന് പുകയില ഉൽപന്നങ്ങള് പിടികൂടി. കടയുടമകള്‍ക്കെതിരെ കേസെടുത്തു. പനമരം സ്റ്റേഷന് പരിധിയില്‍ മൂന്ന് കേസും പടിഞ്ഞാറത്തറ, കേണിച്ചിറ, മീനങ്ങാടി സ്റ്റേഷന് പരിധികളില്‍ രണ്ടു കേസുകള്‍ വീതവും തലപ്പുഴ സ്റ്റേഷന് പരിധിയില്‍ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.