കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികളായ യുവാക്കൾ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കർണാടകയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ റോഡരികിൽ കണ്ട കാട്ടാനയുടെ ചിത്രം മൊബൈലിൽ പകർത്താൻ ബൈക്ക് നിർത്തിയത്. ചിത്രം പകർത്തുന്നതിനിടെ ആന ഇവർക്കുനേരെ തിരിഞ്ഞതോടെ ബൈക്കിലുണ്ടായിരുന്ന യുവാവ് വണ്ടിയടക്കം താഴെവീണു.
അതോടെ ആന പിന്തിരിഞ്ഞു. എന്നാൽ, ബൈക്ക് ഉയർത്താൻ യുവാക്കൾ ശ്രമിക്കുന്നതിനിടെ ആന വീണ്ടും കുതിച്ചെത്തി. പിറകിലുണ്ടായ കാറിലുള്ള യാത്രക്കാർ ഹോൺ അടിച്ചതോടെയാണ് ആന വരുന്ന വിവരം യുവാക്കൾക്ക് മനസ്സിലായത്. അതോടെ ചിത്രം പകർത്താനിറങ്ങിയ യുവാവ് ഓടി മുമ്പിലുണ്ടായിരുന്ന കാറിൽ അഭയംതേടി. എന്നാൽ, ബൈക്കിലുണ്ടായിരുന്ന യുവാവിനെ ആന ഓടിച്ചു. പരിഭ്രാന്തിയിൽ മുന്നോട്ടുനീങ്ങിയ യുവാവ് ബൈക്ക് സഹിതം റോഡരികിലേക്ക് വീണു. ചാടിയെഴുന്നേറ്റ് ഓടിരക്ഷപ്പെട്ട് അവിടെയുണ്ടായിരുന്ന കാറിൽ കയറുകയായിരുന്നു. പിന്നീട് ആന വനത്തിനുള്ളിലേക്ക് കയറിപ്പോയപ്പോഴാണ് ബൈക്കുമായി യുവാക്കൾ പോയത്. പിന്നിലുണ്ടായിരുന്ന കാർ യാത്രികനായ മലപ്പുറം കോട്ടക്കൽ സ്വദേശി നാസർ ഹൈദരാബാദിലേക്കുള്ള യാത്രക്കിടയിലാണ് വീഡിയോ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.