കൽപറ്റ: മഹാമാരിയുടെ വ്യാപനം തങ്ങളുടെ ഉപജീവനമാർഗത്തിന് വിലങ്ങിട്ടെങ്കിലും ഒരുപാടുപേരുടെ വിശപ്പകറ്റുകയാണ് കൽപറ്റയിലെ ഒരുകൂട്ടം ബസ് ജീവനക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ പ്രയാസത്തിലാക്കിയ വിഭാഗങ്ങളിൽപെട്ടവരാണ് സ്വകാര്യ ബസ് ജീവനക്കാർ. മാസങ്ങളോളം വാഹനങ്ങൾ നിരത്തിലിറക്കാനാവാതെ ദുരിതത്തിലായ ഇവർക്ക് തെല്ലൊരു ആശ്വാസമായിരുന്നു കോവിഡ് ഇളവുകളെ തുടർന്നുള്ള കുറച്ച് ദിവസങ്ങളിലെ സർവിസ്.
രണ്ടാംതരംഗത്തിൽ അതും നിലച്ചതോടെ ദുരിതക്കയത്തിലാണെങ്കിലും വിശപ്പിെൻറ വിലയറിയുന്ന ജീവനക്കാർ കൽപറ്റയിൽ വേറിട്ടൊരു മാതൃക തീർക്കുകയാണ്.
കൽപറ്റ-സുൽത്താൻ ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ഒരുപറ്റം ജീവനക്കാർ മേയ് അഞ്ച് മുതൽ ദിവസവും നൂറിലേറെ പേർക്കാണ് ഭക്ഷണമെത്തിക്കുന്നത്. ലോക്ഡൗണായതോടെ പൊലീസ്, വളൻറിയർമാർ, സിവിൽ ഡിഫൻസ് ഫോഴ്സ് അടക്കമുള്ളവർക്കും ഇവർ ഭക്ഷണമെത്തിക്കുന്നു. തെരുവിൽ ജീവിക്കുന്നവർക്കും അന്നം നൽകുന്നു. ട്രാഫിക് ജങ്ഷനിൽ പൊതിച്ചോറുകൾ എത്തിച്ച് ദീർഘദൂര വാഹന ൈഡ്രവർമാർക്കും മറ്റും ഇവർ നൽകുന്നു.
ആദ്യദിനങ്ങളിൽ സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് ഇവർ കാരുണ്യപ്രവർത്തനം തുടങ്ങിയത്. പിന്നീട് പലരും സംഭാവന നൽകിയും അരിയടക്കമുള്ള അവശ്യസാധനങ്ങൾ നൽകിയും ഒപ്പം നിന്നതിെൻറ സന്തോഷത്തിലാണിവർ. പുതിയ സ്റ്റാൻഡ് പരിസരത്തെ 'ആശ' തട്ടുകട ഇവർക്കായി വിട്ടുനൽകി ഉടമ ആരോഷ് പിന്തുണ നൽകി. ഉദ്യമം നാട്ടുകാർ ഏറ്റെടുത്തതോടെ, തുടരാനുള്ള ഒരുക്കത്തിലാണ് ൈഡ്രവ് ടു ലൈഫ് ബസ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ. ലൂക്ക പുതുക്കുടി, വിനോദ്, അസീസ് മംഗളം, വിഷ്ണു, റിതിക ദാമോദർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.