കൽപറ്റ: മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി രക്ഷാപ്രവർത്തകർ പുഴയുടെ അടിത്തട്ടിൽ പൊന്നുമോൾക്കായി വെള്ളിയാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും ആ പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല. വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിച്ച തിരച്ചിലാണ് വെള്ളിയാഴ്ച രാവിലെ ഏഴോടെ വീണ്ടും തുടങ്ങിയത്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന, മകൾ അഞ്ചു വയസ്സുകാരി ദക്ഷയുമായി പുഴയിൽ ചാടിയത്. അമ്മയും കുഞ്ഞും പുഴയിൽപ്പെട്ടതറിഞ്ഞ് നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.
നാട്ടുകാർ ദർശനയെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇന്നലെ മരിച്ചു. കുഞ്ഞിനെ കണ്ടെത്തിയില്ല. പാത്തിക്കൽ കടവിലെ നടപ്പാലത്തിലും ഇരുകരകളിലുമായി പ്രാർഥനയോടെ കുരുന്നിന്റെ ജീവനായി പ്രാർഥനയിലായിരുന്നു വെണ്ണിയോട് ഗ്രാമം. പൊലീസ്, അഗ്നിരക്ഷസേന, എൻ.ഡി.ആർ.എഫ് സംഘം, ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ദുരന്ത നിവാരണ സേനാംഗങ്ങൾ, കോട്ടത്തറ പഞ്ചായത്ത് അധികൃതർ എന്നിവർ സഹായത്തിനും തിരച്ചിലിനുമായി എത്തിയിരുന്നു.
വ്യാഴാഴ്ച ഇരുട്ടായതോടെ തിരച്ചിൽ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളായതോടെ നിർത്തിവെക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ വീണ്ടും തിരച്ചിൽ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്നുമണിയോടെ ശക്തമായി മഴ പെയ്തതോടെ കുറെ സമയം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. പിന്നീട് തുടരുകയായിരുന്നു. ഇരുട്ടായതോടെ തിരച്ചിൽ നിർത്തി. ശനിയാഴ്ച യും തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.