കൽപറ്റ: ആ ആകസ്മിക വിയോഗത്തിൽ വല്ലാതെ ഉലഞ്ഞുപോയിരിക്കുന്നു കനവ് ബദല്‍ വിദ്യാകേന്ദ്രം. കേന്ദ്രം സ്ഥാപകനും സാഹിത്യകാരനുമായ കെ.ജെ. ബേബിയുടെ ഭാര്യ ഷേര്‍ളി ടീച്ചറുടെ പൊടുന്നനെയുള്ള മരണം കനവിൽനിന്ന് ജീവിതവഴികളിലേക്ക് പടർന്നു പന്തലിച്ച, ഗോത്രവർഗക്കാരടക്കമുള്ള ഒരുപാടുപേരെ അത്രമേൽ ദുഃഖാർത്തരാക്കി. കനവിൽ അവർക്ക് എല്ലാ അർഥത്തിലും കനിവും സ്നേഹവും പകർന്നുനൽകിയ അമ്മയായിരുന്നു ഷേർളി ടീച്ചർ. കനവിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍പിടിച്ച് കെ.ജെ. ബേബിയോടൊപ്പം ഷേര്‍ളി ടീച്ചറും ഉണ്ടായിരുന്നു.
പുൽപള്ളി പഴശ്ശിരാജ കോളജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഷേര്‍ളി ടീച്ചർ വിരമിച്ചശേഷം സന്നദ്ധ സേവനരംഗത്ത് സജീവമാവുകയായിരുന്നു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും സ്വയം പര്യാപ്തമാക്കാനുമായി തുടങ്ങിയ കനവ് പോലെ രാജ്യത്തെ വിവിധ ഗുരുകുല വിദ്യ സ്ഥാപനങ്ങളുമായി ഷേര്‍ളി ടീച്ചര്‍ക്ക് ബന്ധമുണ്ടായിരുന്നു. കനവിൽ താൻ മക്കളെപ്പോലെ സ്നേഹിച്ച ആദിവാസി കുഞ്ഞുങ്ങൾക്കൊപ്പംതന്നെയാണ് മക്കളായ ശാന്തിപ്രിയയെയും ഗീതിപ്രിയയെയും വളര്‍ത്തിയത്. ബുധനാഴ്ച ഉച്ചക്ക് കനവിൽ നടന്ന ചടങ്ങിൽ അവർ പങ്കെടുത്തിരുന്നു.
കനവില്‍ ടീച്ചർ വളർത്തിയ കുട്ടികൾ വളർന്നു വലുതായി അവരുടെ മക്കളുമായെത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് നടവയലിലെ വീട്ടിലേക്കുവരുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് അപ്രതീക്ഷിത വിയോഗം. കേണിച്ചിറയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മക്കളെപ്പോലെയാണ് അവർ തങ്ങളെ എക്കാലവും കണ്ടതും പെരുമാറിയിരുന്നതെന്നും പറഞ്ഞ് വിതുമ്പുകയാണ് കനവിൽ വളർന്ന ആദിവാസി കുട്ടികൾ.
പ്രകൃതിയോടിണങ്ങി, ലളിതജീവിതം നയിച്ച ടീച്ചറുടെ ആഗ്രഹ പ്രകാരം പേര്യ ആലാറ്റിലെ ബൊട്ടാണിക്കല്‍ സാങ്ച്വറിക്കു സമീപമുള്ള വൃക്ഷനിബിഡമായ സ്ഥലത്ത് വ്യാഴാഴ്ച രാവിലെ 11ഓടെ സംസ്കാരം നടക്കും. രാവിലെ 10 വരെ നടവയലിലെ വീട്ടില്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.