കല്പറ്റ: പഴയ ബസ് സ്റ്റാൻഡിൽനിന്ന് യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസിൽ ദേവദാസ് (46) എന്നിവരാണ് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശിയായ അബൂബക്കറിന്റെ പരാതിയിലാണ് കൽപറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജനുവരി 28ന് ഉച്ച 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൽപറ്റ പഴയ സ്റ്റാൻഡിൽ എത്തിയ അബൂബക്കറിനെ സംഘം തട്ടിക്കൊണ്ടുപോയി 3.92 ലക്ഷം രൂപ തട്ടിയെടുത്തശേഷം വെങ്ങപ്പള്ളിയിൽ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി.
യാത്രക്കിടെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാർ മാനന്തവാടി ഹൈസ്കൂളിന് സമീപത്ത് കെ.എസ്.ആർ.ടി.സി ബസിനും ക്രെയിനിനും ഇടിച്ച് അപകടവുമുണ്ടായി. ഇതേത്തുടർന്ന് കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പരാതിക്കാരൻ കൊടുവള്ളി മുതൽ കൽപറ്റവരെ സഞ്ചരിച്ചിരുന്ന അതേ കെ.എസ്.ആർ.ടി.സി ബസിൽ തന്നെയാണ് തട്ടിപ്പ് സംഘം സഞ്ചരിച്ച കാറും ഇടിച്ചത്.
എ.എസ്.പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. കൽപറ്റ പൊലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജു, എസ്.ഐ. ബിജു ആന്റണി എന്നിവരാണ് കണ്ണൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്. കേസിൽ എട്ട് പ്രതികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.