കൽപറ്റ: മാനന്തവാടി നഗരസഭ ഡിവിഷൻ 25 (മാനന്തവാടി ടൗൺ) ലോക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി കലക്ടർ എ. ഗീത ഉത്തരവിട്ടു. നിയന്ത്രണം ഒഴിവാക്കാൻ ആവശ്യപ്പെട്ടുള്ള മാനന്തവാടി നഗരസഭ ചെയർപേഴ്സെൻറ സെപ്റ്റംബർ 12ലെ കത്തും കോവിഡ് പോർട്ടലിൽ ജനസംഖ്യ തെറ്റായി രേഖപ്പെടുത്തിയതിനാലാണ് ഡബ്ല്യൂ.ഐ.പി.ആർ എട്ടിൽ കൂടുതലായത് എന്നുള്ളതും പരിഗണിച്ചാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
മാനന്തവാടി ടൗൺ അടച്ചിടൽ; വ്യാപാരികൾ പ്രതിഷേധിച്ചു
മാനന്തവാടി: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കച്ചവടക്കാരെ ബലിയാടാക്കി ടൗണിെൻറ സുഗമമായ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആശാവർക്കർ മുതൽ ആരോഗ്യപ്രവർത്തകരും മുനിസിപ്പൽ അധികൃതരും ഉൾപ്പെടെയുള്ള സംവിധാനം ഉണ്ടായിരിക്കെ കുറ്റമറ്റരീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തതിന് വ്യാപാരസ്ഥാപനങ്ങളാണ് അടച്ചിടേണ്ടിവരുന്നത്.
ടൗൺ പരിസരത്ത് കേസില്ലെങ്കിൽ മൈക്രോ കണ്ടെയിൻമെൻറ് ആക്കി ടൗണിനെ ഒഴിവാക്കാൻ സർക്കാർ നിർദേശമുണ്ട്.
അതിനുപോലും ബന്ധപ്പെട്ടവർ തയാറാവുന്നില്ല. ഇത് ടൗണുകളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ഇക്കാര്യത്തിൽ ജാഗ്രതപുലർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി ടൗൺ തുറക്കാൻ അടിയന്തര നടപടികൾ മുനിസിപ്പാലിറ്റി അധികൃതർ എടുക്കണം. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും അസോസിയേഷൻ നിവേദനം നൽകി.
പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. മഹേഷ്, ട്രഷറർ എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്കുമാർ, ശിഹാബുദ്ദീൻ, കെ.എക്സ്. ജോർജ്, ഷാനു, ജോൺസൺ ജോൺ, ഇ.എ. നാസിർ എന്നിവർ സംസാരിച്ചു.
അപാകത തിരുത്തണം –സി.പി.എം
മാനന്തവാടി: നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവുന്ന അലംഭാവത്തെ തുടർന്ന് നഗരത്തിലെ പല ഡിവിഷനുകളും തുടർച്ചയായി അടച്ചിടേണ്ടിവരുന്നത് എല്ലാ വിഭാഗം ആളുകളെയും പ്രയാസത്തിലാക്കുകയാണെന്ന് സി.പി.എം ഭാരവാഹികൾ ആരോപിച്ചു.
ആഴ്ചയിലെ രോഗികളുടെ എണ്ണം പരിശോധിച്ച് നിശ്ചിത ഇടങ്ങളിൽ മാത്രം മൈക്രോ കണ്ടെയിൻമെൻറ് തീരുമാനിക്കുന്നതിന് പകരം ടൗൺ ഒന്നാകെ അടച്ചിടുന്ന രീതി മാറണം. കണ്ടെയിൻമെൻറ് പ്രദേശങ്ങൾ ഏതെന്ന് പ്ലാനുണ്ടാക്കി നഗരസഭ അധികൃതർ ജില്ല ഭരണകൂടത്തിന് സമർപ്പിക്കണം. നഗരസഭയുടെ ഭാഗത്തുനിന്ന് കൃത്യമായ കണക്കുകൾ നൽകുന്നില്ല. ഈ അപാകത തിരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നഗരസഭക്ക് എതിരായ പ്രചാരണം അടിസ്ഥാനരഹിതം –ഭരണസമിതി
മാനന്തവാടി: നഗരസഭയിലെ വിവിധ വാർഡുകൾ ലോക് ഡൗണിലേക്ക് പോകുന്നത് അധികൃതരുടെ പിടിപ്പുകേടിനാലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അറിയിച്ചു. മുസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും ഒരു വീഴ്ചയുമില്ല.
എല്ലാ ദിവസവും ആരോഗ്യവകുപ്പിന് കൃത്യമായ കണക്ക് നൽകുന്നുണ്ട്. മാനന്തവാടി ടൗൺ ഡിവിഷനിൽ ജനസംഖ്യ അടിസഥാനത്തിൽ കഴിഞ്ഞ ആഴ്ചയിലെ രോഗസ്ഥിരീകരണ നിരക്ക് 5.43 ആണ്. എന്നാൽ, ജില്ല അടിസ്ഥാനത്തിലുള്ള ലോക്ഡൗൺ പട്ടിക കലക്ടർ ഇറക്കിയപ്പോൾ മാനന്തവാടി നഗരസഭയേയും ഉൾപ്പെടുത്തി. ഇത് മുനിസിപ്പാലിറ്റിയുടെ വീഴ്ചയല്ല.
കൃത്യമായി എല്ലാ കണക്കുകളും മുനിസിപ്പാലിറ്റി കൺട്രോൾ റൂമിൽ ശേഖരിച്ച്, ആരോഗ്യവകുപ്പിെൻറ കണക്കുകളും എടുത്തിട്ടാണ് ജില്ലയിലെ ജാഗ്രതാ പോർട്ടലിലേക്കും ജില്ല ആസ്ഥാനത്തേക്കും അയക്കുന്നത്. മുമ്പ് 26ാം ഡിവിഷൻ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അഭ്യർഥന പ്രകാരമാണ് മൈക്രോ കണ്ടെയിൻമെൻറ് സോണിൽ മാറ്റംവരുത്തി സ്ഥാപനങ്ങൾ തുറക്കാനുള്ള സൗകര്യം ഒരുക്കിയത്. മാനന്തവാടി ടൗൺ പരിധികളിൽ തുടർച്ചായി ലോക്ഡൗൺ ആകുന്നത് മുനിസിപ്പാലിറ്റിയുടെ പിടിപ്പുകേടാണെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഭരണസമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.