സ്വന്തം ലേഖകൻ
കല്‍പറ്റ: പട്ടയഭൂമിയിൽ മരംമുറിക്കാനുള്ള റവന്യൂ വകുപ്പിെൻറ വിവാദ ഉത്തരവ് വനംവകുപ്പിെൻറ എതിർപ്പ് മറികടന്ന്. ഉത്തരവിനെതിരെ വനംവകുപ്പ് എതിരഭിപ്രായം പ്രകടിപ്പിച്ചതിെൻറ രേഖകൾ പുറത്തുവന്നു. മരംമുറിക്ക് അനുകൂലമായി ആദ്യ ഉത്തരവ് ഇറങ്ങുന്നത് 2020 മാർച്ച് 11ന് ആണ്. അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു പുറപ്പെടുവിച്ച സർക്കുലറിൽ പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ ചന്ദനമല്ലാത്ത മരങ്ങൾ മുറിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
ഈ സർക്കുലറിലെ അവ്യക്തത ചൂണ്ടിക്കാട്ടി വനം മാനേജ്‌മെൻറ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിെൻറ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന നിയമസഭ 1960ല്‍ പാസാക്കിയ ഭൂപതിവ് നിയമത്തിനും 1964ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ക്കും അനുസൃതമായി മരവിലയും സ്ഥലവിലയും ഈടാക്കി അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ കൈവശക്കാരനു അവകാശമില്ല. റവന്യൂ പട്ടയഭൂമിയിലെ എല്ലായിനം മരങ്ങളുടെയും ഉടമാവകാശം കൈവശക്കാരനു ലഭിക്കണമെങ്കില്‍ അതിനു ഉതകുന്ന വിധത്തില്‍ 1960ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യണം. എന്നാൽ, ഇത്തരത്തിൽ നിയമഭേദഗതി നടത്താതെയാണ് സർക്കുലർ പുറപ്പെടുവിച്ചത്.
ഇതിൽ വ്യക്തത വരുത്തണമെന്ന് അന്നുതന്നെ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നിയമവകുപ്പിെൻറ അനുമതി വാങ്ങേണ്ടതും ചൂണ്ടിക്കാട്ടി. പല ജില്ല കലക്ടറും അവ്യക്തത ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പിനെ സമീപിച്ചു. എന്നാല്‍, അത് വകുപ്പ് മന്ത്രിയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ കാര്യമായി പരിഗണിച്ചില്ല. പകരം ഓക്ടോബർ 24നാണ് സർക്കുലർ സർക്കാർ ഉത്തരവാക്കി ഇറക്കുന്നത്. അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകാണ് അതിൽ ഒപ്പുവെച്ചത്.
റവന്യൂ ഭൂമിയില്‍ കര്‍ഷകര്‍ നട്ട് വളര്‍ത്തിയതിന് പുറമെ സ്വയം കിളിര്‍ത്ത മരങ്ങളും മരവില അടച്ച് രജിസ്റ്റർ ചെയ്ത മരങ്ങളും കർഷകർക്ക് മുറിക്കാമെന്ന് ഉത്തരവിലുണ്ട്. ഇത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകി. ഈ വിവാദ ഉത്തരവാണ് മരംകൊള്ളക്ക് കളമൊരുക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.