കൽപറ്റ: ഭീതിപരത്തി പിടിതരാതെ കൽപറ്റക്കടുത്ത പെരുന്തട്ടയിൽ പുലി വിലസുന്നു. പുലിയെ പ്രദേശത്തുകാർ കണ്ടത് ഭീതി ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി പെരുന്തട്ട എസ്റ്റേറ്റിന് ഉള്ളിലുള്ള നമ്പർ വൺ ഭാഗത്തെ ക്വാറിയുടെ മുകൾവശത്തെ പാറയിൽ പുലി ഇരിക്കുന്നതാണ് കണ്ടത്. രണ്ടര മണിക്കൂറോളം പുലി പാറയുടെ മുകളിൽ തന്നെയുണ്ടായിരുന്നു.
നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. വനപാലകർ എത്തിയതിനുശേഷമാണ് സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടത്. പ്രദേശവാസികൾ പുലിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.
നിലവിൽ കൽപറ്റ നഗരസഭയിലെ 15, 16, 17, 20, 21 വാർഡുകളിൽ പുലിയുടെ സാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പുലിയെ പലയിടത്തും കണ്ടിട്ടുണ്ട്. പെരുന്തട്ടയിലാണ് വളർത്തു മൃഗങ്ങളെയടക്കം ആക്രമിക്കുന്ന പുലി മാസങ്ങളായി വിലസുന്നത്. ചുഴലി, പുൽപ്പാറ, റാട്ടക്കൊല്ലി, പുൽപ്പാറക്ക് പോകുന്ന വഴിയിലെ ബൈപാസിനോട് ചേർന്ന ഭാഗം എന്നിവിടങ്ങളിലെല്ലാം പുലിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത. പെരുന്തട്ടയിലും ചുഴലിയിലും ഒരേ പുലിത്തന്നെയാണ് എത്തുന്നതെന്ന് സംശയം. എസ്റ്റേറ്റിന്റെ ഒരതിർത്തി ചുഴലി തുറക്കാട് ഭാഗത്താണ്. എസ്റ്റേറ്റ് പ്ലാന്റേഷനോട് ചേർന്ന ഭാഗം കാടുവളർന്നിട്ടുണ്ട്. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പെരുന്തട്ട ഭാഗത്തുള്ളവർ. രണ്ടാഴ്ചമുമ്പ് അടഞ്ഞുകിടക്കുന്ന ക്രഷറിന് സമീപം കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം കുളത്തിന് സമീപത്തേക്ക് വനംവകുപ്പ് കൂട് മാറ്റിസ്ഥാപിച്ചിരുന്നു. നടുപ്പാറ ഭാഗത്തും പുലിയെ നാട്ടുകാർ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.