ഗതാഗതക്കുരുക്കിന് പരിഹാരം; കൈനാട്ടിയിൽ ട്രാഫിക് സിഗ്നൽ തെളിയുന്നു

കൽപറ്റ: കൈനാട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ഒരുങ്ങി. സിഗ്നൽ ഒരാഴ്ചക്കകം ഉദ്ഘാടനം ചെയ്യുമെന്ന് കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പി‍െൻറ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് ചുമതല. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും സിഗ്നലുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു. വൈദ്യുതീകരണം പൂര്‍ത്തിയാക്കി സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നല്‍ യാഥാര്‍ഥ്യമാവും. മേയ് ഒന്നു മുതല്‍ കല്‍പറ്റയില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുമെന്നും നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക് ജങ്ഷന്‍, പിണങ്ങോട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് സിഗ്നലുകള്‍ സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

കല്‍പറ്റ ട്രാഫിക് ഉപദേശക സമിതിയുടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതോടെ നഗരത്തിലെ ഗതാഗതം സുഗമമാവും. കൈനാട്ടി ജങ്ഷനിലെ മറ്റു നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാവുകയാണ്. ട്രാഫിക് ഐലൻഡ്, മീഡിയൻ സൗകര്യങ്ങളും ഉടൻ യാഥാർഥ്യമാവുന്നതോടെ ജങ്ഷ‍െൻറ മുഖഛായ മാറും. നിലവിൽ റോഡ് നവീകരണം പൂർത്തിയായി. ജങ്ഷനിൽനിന്നു 200 മീറ്റർ അകലെയായി ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും കൽപറ്റ-ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും ഇപ്പോഴും ജങ്ഷ‍െൻറ തുടക്കത്തിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഗതാഗതക്കുരുക്കിനു പ്രധാന കാരണമായ ഇത് സിഗ്നൽ വരുന്നതോടെ ഇല്ലാതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാനന്തവാടി ഭാഗത്തു നിന്നുള്ള ബസുകൾ ജനറൽ ആശുപത്രി സമീപത്ത് ജങ്ഷനിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ സാധിക്കാതെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവാണ്. സിഗ്നൽ സ്ഥാപിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നതിനും പുതിയ ക്രമീകരണം ഏർപ്പെടുത്തും. അതോടെ ബസുകൾ കാരണമുള്ള ഗതാഗതടസ്സത്തിന് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ. ജങ്ഷനിൽ നിലവിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡും വേറൊരു ഭാഗത്തേക്ക് മാറ്റാനാണ് സാധ്യത. റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണു ജങ്ഷൻ നവീകരണം പുരോഗമിക്കുന്നത്.

വ്യാപക പരാതികൾക്കൊടുവിൽ കഴിഞ്ഞ ഡിസംബറിലാണു പ്രവൃത്തി ആരംഭിച്ചത്. കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്കും, ജില്ല ആസ്ഥാനമായ കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ദിനേന കൈനാട്ടി ജങ്ഷനിലെത്തുന്നത്. ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെയും വൈകീട്ടും മാത്രമല്ല ഉച്ച സമയങ്ങളിലടക്കം ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്. തലങ്ങുംവിലങ്ങും നിയന്ത്രണമില്ലാതെ വാഹനങ്ങൾ ജങ്ഷനിലെത്തുന്നതോടെ കുരുക്ക് സിവിൽസ്റ്റേഷനും കടക്കും. രാവിലെയും വൈകീട്ടും ട്രാഫിക് പൊലീസുകാർ ഇവിടെ ഡ്യൂട്ടിയിലില്ലെങ്കിൽ കുരുക്കിൽപെട്ട് ഏറെ സമയമാണ് യാത്രക്കാർക്ക് നഷ്ടമാവുന്നത്. 

Tags:    
News Summary - Traffic signal at Kainatty Kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.