കൽപറ്റ: ഒന്നരവർഷം മുമ്പ് ഉദ്ഘാടനംചെയ്ത കാരാപ്പുഴയിൽ നിന്നും അമ്പലവയൽ കടുവാക്കുഴി ബൂസ്റ്റർ പമ്പ് ഹൗസ് വഴി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ വാൽവ് പൊട്ടി വിതരണം മുടങ്ങി. ഞായറാഴ്ച വെള്ളം പമ്പു ചെയ്യുന്നതിനിടെയാണ് വാൽവ് പൊട്ടിയത്. അതോടെ പമ്പ് ഹൗസിന്റെ അകം നിറയെ വെള്ളത്തിലായി. പാനൽ ബോർഡിലടക്കം വെള്ളം കയറി.
വെള്ളത്തിന്റെ പ്രഷറിൽ മറിഞ്ഞുവീണ ജീവനക്കാരൻ ജീവൻ പണയം വെച്ചാണ് മോട്ടോർ ഓഫ് ചെയ്തത്. തല നാരിഴക്കാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. ഇതോടെ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, മുട്ടിൽ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി.
അഞ്ചുദിവസമായി ജലവിതരണം മുടങ്ങിയിട്ട്. 3000 കുടുംബങ്ങളിലേക്കാണ് വെള്ളം വിതരണം ചെയ്തിരുന്നത്. കൃഷ്ണ എന്ന കമ്പനിയുടെ വാൽവുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
നിലവിൽ പമ്പ് ഹൗസിലെ മൂന്നു വാൽവുകളിൽ രണ്ടെണ്ണത്തിന് പൊട്ടലുള്ളതിനാൽ പ്രവർത്തനരഹിതമാണ്. പ്രവർത്തിച്ചുകൊണ്ടിരുന്ന ഒന്നാണ് ഇപ്പോൾ പൊട്ടിയത്. കാരാപ്പുഴ പ്ലാന്റിലുള്ള അഞ്ച് വാൽവുകളിൽ മൂന്നെണം കുറഞ്ഞ കാലത്തിനുള്ളിൽതന്നെ പൊട്ടുകയും പിന്നീട് മാറ്റിവെക്കുകയുമായിരുന്നു. രണ്ടെണ്ണം പൊട്ടാൻ സാധ്യതയുള്ളതിനാൽ പമ്പിങ് നിർത്തിവെക്കുകയും ചെയ്തു.
നിർമാണത്തിലെ അപാകതകൾ പദ്ധതി കമീഷൻ ചെയ്യുന്നതിന് മുമ്പു തന്നെ വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷനെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ അറിയിച്ചിരുന്നു. ഉത്തരമേഖല സി. ഇ, എസ്. സി അടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് നിലവിലെ പമ്പ് ഹൗസിലെ അപാകതകൾ ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരുന്നു.
പമ്പ് ഹൗസിന്റെ നിർമാണം അശാസ്ത്രീയവും ഉപകരണങ്ങൾ ഗുണനിലവാരമില്ലാത്തതുമാണ്. ഷട്ടറുകൾ കൃത്യമായി ഉറപ്പിക്കാത്തതിനാൽ ശുചീകരണ പ്ലാന്റിൽ വെള്ളം ലീക്കായി ശുദ്ധജലത്തിൽ കലരുന്നുണ്ട്. അതിനാൽ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമല്ല. ഫ്ലാക്സ് മിക്സർ ഫാൻ അടർന്നു വീണു. ക്ലാറിഫയർ ഫാൻ ഒന്നും പ്രവർത്തിക്കുന്നില്ല. ടാങ്കിൽ ചളി തള്ളികളയാൻ ബ്ലേഡിന് പകരം റബർ ചവിട്ടിയാണ് കെട്ടിെവച്ചിരിക്കുന്നത്.
ക്ലിയർ വാട്ടർ ടാങ്കിൽ നിന്നും 125 എച്ച്.പി മോട്ടറുകൾ മൂന്നെണം ഉപയോഗിച്ചാണ് വെള്ളം അടിക്കുന്നത്. അവിടെ നിന്നും പമ്പിങ് നടത്തുന്നതിനായി ഇതേ പവറുള്ള മോട്ടോർ തന്നെയാണ് കടുവാക്കുഴിയിലും വേണ്ടത്. എന്നാൽ, അവിടെ 100 എച്ച്.പി മോട്ടറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതുമൂലം ക്യത്യമായ ഡിസ്ചാർജ് ലഭിക്കാതെ എനർജി നഷ്ടവും സംഭവിക്കുന്നു. വൈദ്യുതി ചാർജ് കൂടുകയും ചെയ്യുന്നു. പമ്പ് ഹൗസിൽ ആറു മോട്ടോറുകൾ പരിശോധന നടത്താതെയാണ് സ്ഥാപിച്ചിട്ടുള്ളത്. പരിശോധന നടത്താൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
കൽപറ്റ: മൂന്ന് ഷിഫ്റ്റ് പമ്പിങ് ഉള്ള അമ്പലവയൽ കടുവാക്കുഴി പമ്പ് ഹൗസിൽ ജീവനക്കാരന് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള ശുചിമുറി സൗകര്യവും പോലുമില്ല. പമ്പ് ഹൗസിലേക്ക് റോഡില്ല. പമ്പ് ഹൗസിൽ നിന്ന് മെയിൻ റോഡിലേക്ക് ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. പക്ഷെ അത് റോഡിന്റെ ഒന്നര മീറ്റർ ഉയരത്തിലാണ്.
അവിടുന്ന് റോഡിലേക്ക് ചാടേണ്ട അവസ്ഥയാണ്. ഇരു ചക്രവാഹനം പോലും കയറ്റാൻ റോഡിലേക്ക് കഴിയാത്ത അവസ്ഥയാണ്. മോട്ടോർ കേടായാൽ അത് അഴിച്ച് റോഡിൽ എത്തിക്കാനുള്ള സാഹചര്യവുമില്ല. ജീവനക്കാർക്ക് മോട്ടോർ ഓൺ ചെയ്ത് പമ്പിങ് തുടങ്ങിയാൽ മാറിയിരിക്കാൻ സുരക്ഷിതമായ ഒരു വിശ്രമമുറിയില്ല. കൂടാതെ മറ്റു സുരക്ഷ സംവിധാനങ്ങളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.