കൽപറ്റ: 'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്' എന്ന കുറിപ്പെഴുതിവെച്ച് കടന്നുകളഞ്ഞ് തൃശൂരിൽ വൈറലായ കള്ളൻ മാനന്തവാടിയിൽ പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതി പുൽപള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജിനെയാണ് (34) മാനന്തവാടി പൊലീസ് തന്ത്രപരമായി പിടികൂടിയത്.
കഴിഞ്ഞ ആഴ്ച തൃശൂർ കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാൾ കയറിയിരുന്നു. ഒരു കടയില്‍നിന്ന് 12,000 രൂപയും മറ്റൊരു സ്ഥാപനത്തിൽനിന്ന് 500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. എന്നാല്‍, മൂന്നാമത്തെ കടയില്‍നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴായിരുന്നു പൊട്ടിച്ച ഗ്ലാസിൽ നിരാശക്കുറിപ്പെഴുതിവെച്ച് കടന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. വയനാട് ഉൾപ്പെടെ കേരളത്തിലെ നിരവധി ജില്ലകളിൽ 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പൊലീസ് ഇയാളെ പിടികൂടിയത്.
കൽപറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കഴിഞ്ഞ ദിവസം കൽപറ്റയിൽ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു.
തുടർന്ന് ഇയാൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. മെഡിക്കൽ കോളജിലെയടക്കം വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി വിശ്വരാജ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. കവർച്ച ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സമീപമുള്ള ആശുപത്രികളെ കുളിച്ച് ഫ്രഷാവാൻ ഉപയോഗപ്പെടുത്തൽ ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.
മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ കൽപറ്റ പൊലീസിന് കൈമാറി. കൽപറ്റ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം മാനന്തവാടി സി.ഐ അബ്ദുൽ കരീം, എ.എസ്.ഐ മോഹൻദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ അജേഷ്, നിധിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.